യുവാവിനെ നഗ്നനാക്കി മർദിച്ച സംഭവം; അഞ്ച് പ്രതികൾ കീഴടങ്ങി

Police

വർക്കല സ്വദേശിയായ യുവാവിനെ എറണാകുളത്തേക്ക് തട്ടിക്കൊണ്ടുപോയ ശേഷം നഗ്നനാക്കി കെട്ടിയിട്ട് മർദിക്കുകയും പണമടക്കം മോഷ്ടിക്കുകയും ചെയ്ത കേസിൽ അഞ്ച് പ്രതികൾ കീഴടങ്ങി. അരിയൂർ പോലീസ് സ്‌റ്റേഷനിലാണ് പ്രതികൾ കീഴടങ്ങിയത്. എട്ട് പ്രതികളുള്ള കേസിൽ ഇനി ഒരാൾ കൂടി പിടിയിലാകാനുണ്ട്. മുഖ്യപ്രതി ലക്ഷ്മിപ്രിയ, എട്ടാം പ്രതി അമൽ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

ഒളിവിൽ കഴിയുന്നതിനിടെയാണ് ലക്ഷ്മിപ്രിയ പിടിയിലായത്. ഇതിന് പിന്നാലെ അഞ്ച് പ്രതികളും സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ലക്ഷ്മിപ്രിയയുമായുള്ള പ്രണയ ബന്ധത്തിൽ നിന്ന് പിൻമാറാത്തതിനാണ് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചത്. എറണാകുളത്ത് ബിരുദപഠനത്തിന് പോയ ലക്ഷ്മിപ്രിയ ഇവിടെ വെച്ച് മറ്റൊരാളുമായി പ്രണയത്തിലാകുകയായിരുന്നു. തുടർന്നാണ് ആദ്യ കാമുകനെ ഒഴിവാക്കാൻ ശ്രമം തുടങ്ങിയത്. 

പലതവണ ആവശ്യപ്പെട്ടിട്ടും യുവാവ് പിൻമാറാൻ തയ്യാറായില്ല. തുടർന്നാണ് ഏപ്രിൽ അഞ്ചിന് യുവാവിനെ വിളിച്ചുവരുത്തിയതും കാറിൽ കയറ്റി മർദനം തുടങ്ങിയതും. ലക്ഷ്മിപ്രിയ അടക്കം ഏഴ് പേർ ചേർന്നാണ് യുവാവിനെ മർദിച്ചത്. തുടർന്ന് എറണാകുളത്ത് ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് നഗ്നനാക്കിയും മർദിച്ചു. യുവാവിന്റെ മാലയും പണവും ആപ്പിൾ വാച്ചും സംഘം തട്ടിയെടുത്തിരുന്നു.
 

Share this story