യുവാവിനെ നഗ്നനാക്കി മർദിച്ച സംഭവം; മുഖ്യപ്രതിയും കോളജ് വിദ്യാർഥിനിയുമായ ലക്ഷ്മിപ്രിയ പിടിയിൽ

priya

വർക്കല അയിരൂരിൽ പ്രണയത്തിൽ നിന്ന് പിൻമാറാത്തതിന് യുവാവിനെ കോളജ് വിദ്യാർഥിനിയും ഗുണ്ടകളും നഗ്നനാക്കി കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. വർക്കല സ്വദേശിയും ബിസിഎ ഒന്നാം വർഷ വിദ്യാർഥിനിയുമായ ലക്ഷ്മിപ്രിയയാണ് അറസ്റ്റിലായത്. ഏഴ് പേർക്കെതിരെയാണ് കേസ്. സംഘത്തിലുണ്ടായിരുന്ന എറണാകുളം മഞ്ഞുമ്മൽ സ്വദേശി അമലിനെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. 

ഏപ്രിൽ അഞ്ചിനാണ് സംഭവം നടന്നത്. വർക്കല സ്വദേശി ലക്ഷ്മിപ്രിയയും അയിരൂർ സ്വദേശിയായ യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. ലക്ഷ്മിപ്രിയ ബിസിഎ പഠിക്കാൻ എറണാകുളത്ത് എത്തിയതിന് പിന്നാലെ മറ്റൊരാളുമായി പ്രണയത്തിലായി. പലതവണ പറഞ്ഞിട്ടും യുവാവ് പ്രണയത്തിൽ നിന്ന് പിൻമാറാൻ തയ്യാറായില്ല. ഇതേ തുടർന്നാണ് അക്രമം

യുവാവിനെ ഫോണിലൂടെ സന്ദേശങ്ങൾ നൽകി വീട്ടിൽ നിന്നും ലക്ഷ്മിപ്രിയ വിളിച്ചിറക്കി. പിന്നീട് കാറിൽ വെച്ച് ഗുണ്ടകളുടെ സഹായത്തോടെ മർദിച്ചു. സ്വർണമാലയും കൈവശമുണ്ടായിരുന്ന 5500 രൂപയും ഐ ഫോണും വാച്ചും കവർന്നു. തുടർന്ന് എറണാകുളത്തെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് ലക്ഷ്മിപ്രിയയും പുതിയ കാമുകനും ഉൾപ്പെട്ട സംഘം യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദിച്ചു. ഇതിന്റെ ദൃശ്യങ്ങൾ യുവാവിന്റെ ഐ ഫോണിൽ ലക്ഷ്മിപ്രിയ തന്നെ പകർത്തി

ദൃശ്യങ്ങൾ പ്രതികൾക്ക് അയച്ച ശേഷം നീക്കം ചെയ്തു. പ്രണയത്തിൽ നിന്ന് പിൻമാറിയില്ലെങ്കിൽ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. മർദനത്തിന് ശേഷം യുവാവിനെ വൈറ്റിലയിൽ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.
 

Share this story