സംസ്ഥാനത്ത് കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്; പ്രവചിച്ചതിലും ഒരു ദിവസം മുമ്പ്

സംസ്ഥാനത്ത് കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചതിലും ഒരു ദിവസം മുമ്പാണ് കാലവർഷം ആരംഭിച്ചത്. കണ്ണൂർ ജില്ല വരെ നിലവിൽ കാലവർഷം എത്തിയതായാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്

റെമാൽ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായണ് തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളാ തീരത്തും വടക്കുകിഴക്കൻ ഭാഗങ്ങളിലും ഒരു ദിവസം മുമ്പ് എത്തിയത്. കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ പെയ്യുന്നതിനാൽ മെയ് മാസത്തിൽ അധിക മഴയാണ് ലഭിച്ചതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു

ബുധനാഴ്ച തിരുവനന്തപുരത്തും കൊച്ചിയിലും കനത്ത മഴയാണ് പെയ്തത്. തിരുവനന്തപുരം ജില്ലയിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരമടക്കം വെള്ളത്തിലായിരുന്നു. കൊച്ചി നഗരത്തിലും വെള്ളക്കെട്ടും ഗതാഗത കുരുക്കും രൂക്ഷമായി.
 

Share this story