കെ ഫോണിന്റെ കരാർ നൽകിയതും പ്രസാഡിയോ കമ്പനിക്ക്; വൻ അഴിമതിയെന്ന് വിഡി സതീശൻ

satheeshan

എഐ ക്യാമറ അഴിമതി പോലെ കെ ഫോൺ പദ്ധതിയിലും വ്യാപക അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയന് ബന്ധമുള്ള പ്രസാഡിയോ കമ്പനിക്ക് തന്നെയാണ് കെ ഫോണിന്റെയും കരാർ നൽകിയത്. സെൻട്രൽ വിജിലൻസ് കമ്മീഷന്റെ നിർദേശങ്ങൾ ലംഘിച്ചാണ് ടെൻഡർ നടപടി. നിയമങ്ങൾ ലംഘിച്ച് 50 ശതമാനം എക്‌സൈസ് നൽകിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

2017ൽ ആരംഭിച്ച കെ ഫോൺ പദ്ധതിയിലൂടെ 18 മാസത്തിനുള്ളിൽ 20 ലക്ഷം വീടുകളിൽ സൗജന്യ ഇന്റർനെറ്റ് കണക്ഷനും 30,000 സർക്കാർ ഓഫീസുകളിൽ ഇന്റർനെറ്റ് ശൃംഖലയും സജ്ജമാക്കുമെന്നായിരുന്നു വാഗ്ദാനം. കെ ഫോൺ സംവിധാനം 90 ശതമാനവും പൂർത്തിയായെന്നാണ് അധികൃതർ പറയുന്നത്. ഇതിൽ 16,000 ത്തോളം ഓഫീസുകളിൽ മാത്രമാണ് കണക്ഷൻ നൽകിയത്

ജനങ്ങൾക്ക് സൗജന്യ കണക്ഷൻ നൽകാൻ നാടെങ്ങും ലൈൻ വേണം. അതുടൻ സാധ്യമല്ലെന്ന് ബോധ്യമായതോടെ തുടക്കത്തിൽ 14,000 പേർക്ക് മാത്രം സൗജന്യ ഇന്റർനെറ്റ് കണക്ഷൻ നൽകുമെന്നായി. ഒരു നിയമസഭാ മണ്ഡലത്തിൽ പാവപ്പെട്ട 100 പേർക്കായി പരിമിതപ്പെടുത്തുകയും ചെയ്തു.

കെ ഫോൺ നടത്തിപ്പിന് ഭരണാനുമതി ലഭിച്ചത് 1028.8 കോടിക്കാണ്. ഇതിനായി നൽകിയ കരാർ തുക 1531 കോടയാണ്. അതായത് 500 കോടിയോളം രൂപയുടെ അധിക ടെൻഡർ നൽകിയെന്നും സതീശൻ ആരോപിച്ചു.
 

Share this story