കർണാടക സർക്കാരിന്റെ സമരം വേറെ; കേരളത്തിന്റെ ധനപ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ ധൂർത്ത്

satheeshan

കേരളത്തിന്റെ ധനപ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാർ മാത്രമല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയും അഴിമതിയുമാണ് കേരളത്തെ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടത്. അതിൽ നിന്ന് തടിയൂരാനുള്ള ശ്രമമാണ് ഡൽഹി സമരമെന്നും സതീശൻ ആരോപിച്ചു

കർണാടക സർക്കാർ നടത്തുന്നത് വേറെ സമരം. അതിനെ കേരളത്തിലെ കോൺഗ്രസ് പിന്തുണക്കുന്നുണ്ടെന്നും സതീശൻ പറഞ്ഞു. കേരളത്തിലെ ധനപ്രതിസന്ധിക്ക് മുഴുവൻ കാരണവും കേന്ദ്രമാണെന്ന് വരുത്തി തീർക്കാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമമെന്നും വിഡി സതീശൻ പറഞ്ഞു

57,800 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ഊതിപ്പെരുപ്പിച്ച കണക്കാണ്. ഇത് ഞങ്ങൾ പൊളിച്ചതാണ്. നികുതി പിരിവിലുണ്ടായ പരാജയവും ധൂർത്തും കെടുകാര്യസ്ഥതയുമാണ് രൂക്ഷമായ ധനപ്രതിസന്ധിക്ക് കാരണം. ഒരുപാട് കാര്യങ്ങളിൽ ഒന്നാണ് കേന്ദ്ര അവഗണന. പെൻഷൻ പോലും കൊടുക്കാത്ത സർക്കാരാണ്.

കേന്ദ്രസഹമന്ത്രി വി മുരളീധരൻ രാത്രിയാകുമ്പോൾ പിണറായിയുമായി സംസാരിക്കാറുണ്ടെന്നും സതീശൻ ആരോപിച്ചു. കേന്ദ്രവും കേരളവും തമ്മിലുള്ള ഒത്തുതീർപ്പിന്റെ ഇടനിലക്കാരനാണ് മുരളീധരൻ. സുരേന്ദ്രനെതിരായ കേസിന്റെ ഒത്തുതീർപ്പും മുരളീധരൻ നടത്തി. ഇവർ ഒരുമിച്ചാണ് മത്സരിക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സതീശൻ പറഞ്ഞു. 

Share this story