ദി കേരളാ സ്റ്റോറി: സംഘ്പരിവാറിന്റെ നുണ ഫാക്ടറി ഉത്പന്നമെന്ന് മുഖ്യമന്ത്രി

CM Pinarayi Vijayan

ദി കേരള സ്റ്റോറി സിനിമക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിർമിച്ചതെന്ന് ഒറ്റ നോട്ടത്തിൽ തോന്നുന്ന ദി കേരള സ്‌റ്റോണി സിനിമയുടെ ട്രെയിലർ പുറത്തുവന്നിരുന്നു. മതനിരപേക്ഷതയുടെ ഭൂമികയായ കേരളത്തെ മതതീവ്രവാദത്തിന്റെ കേന്ദ്രസ്ഥാനമായി പ്രതിഷ്ഠിക്കുക വഴി സംഘ്പരിവാർ പ്രൊപഗാൻഡകളെ ഏറ്റുപിടിക്കുകയാണ് സിനിമ ചെയ്യുന്നത്

കേരളത്തിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാൻ സംഘ്പരിവാർ നടത്തുന്ന വിവിധ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ വേണം പ്രൊപഗാൻഡ സിനിമകളെയും അതിലെ മുസ്ലിം അപരവത്കരണത്തെയും കാണാൻ. അന്വഷണ ഏജൻസികളും കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും തള്ളിക്കളഞ്ഞ ലവ് ജിഹാദ് ആരോപണങ്ങളെ പ്രമേയമാക്കിയത് ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ്. ലവ് ജിഹാദ് എന്ന ഒന്നില്ല എന്നാണ് അന്നത്തെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡി പാർലമെന്റിൽ നൽകിയ മറുപടി. 

കേരളത്തിലെ മതസൗഹാർദ അന്തരീക്ഷം തകർക്കാനും വർഗീയതയുടെ വിഷവിത്തുകൾ വിതയ്ക്കാനുമാണ് സംഘ്പരിവാർ ശ്രമിക്കുന്നത്. മറ്റിടങ്ങളിലെ സംഘ്പരിവാർ രാഷ്ട്രീയം കേരളത്തിൽ ഫലിക്കുന്നില്ല എന്നുകണ്ടാണ് വ്യാജ കഥകളിലൂന്നിയ സിനിമ വഴി വിഭജന രാഷ്ട്രീയം പയറ്റാൻ നോക്കുന്നത്. കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്‌റ്റേറ്റിൽ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളമാണ് സിനിമയുടെ ട്രെയിലറിൽ കാണാൻ കഴിഞ്ഞത്. സംഘത്തിന്റെ നുണ ഫാക്ടറിയുടെ ഉത്പന്നമാണ് ഈ വ്യാജ കഥ. സമൂഹവിരുദ്ധ നീക്കങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
 

Share this story