ഇപിയെ നീക്കണമെന്ന് പറയാൻ എൽഡിഎഫ് ഘടകകക്ഷികൾക്ക് ധൈര്യമില്ല; അടിമകളെ പോലെയെന്ന് സതീശൻ

VD Satheeshan

ഇപി ജയരാജനും ബിജെപിയും തമ്മിലുള്ള ബന്ധം തെളിവുകൾ സഹിതം പുറത്തുവന്നിട്ടും അദ്ദേഹത്തെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം മുന്നണിയിലെ ഒരു ഘടകകക്ഷികൾക്കുമില്ലെന്നത് അത്ഭുതകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കൾ അധികാരത്തിന്റെ അപ്പക്കഷ്ണത്തിന് വേണ്ടി പിണറായി വിജയന് മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നത് രാഷ്ട്രീയത്തിലെ അപമാനകരമായ കാഴ്ചയാണെന്നും സതീശൻ ആരോപിച്ചു. 

കോൺഗ്രസ് പിന്തുണയിൽ മറ്റ് സംസ്ഥാനങ്ങളിൽ മത്സരിക്കുമ്പോഴും രാഹുൽ ഗാന്ധിയെ പോലും വിമർശിക്കാൻ മടി കാണിക്കാത്ത സിപിഐ സംസ്ഥാന സെക്രട്ടറി അടക്കമുള്ള ഒരു നേതാക്കൾക്കും കൺവീനറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടാൻ ധൈര്യമില്ല. പിണറായി വിജയന് മുന്നിൽ ഇവരൊക്കെ മുട്ടിലിഴയുകയാണ്

അടിമകളെ പോലെ പിണറായി വിജയനും സിപിഎമ്മിനും മുന്നിൽ തല കുനിച്ച് നിൽക്കുകയാണ് ഘടകകക്ഷികൾ. പിണറായി വിജയൻ എന്ത് പറയുന്നുവോ അത് കേട്ട് പഞ്ചപുച്ഛമടക്കി നിൽക്കുകയെന്നതാണ് ഘടകകക്ഷികളുടെ വിധിയെന്നും സതീശൻ പറഞ്ഞു.
 

Share this story