എൽഡിഎഫ് ഭൂരിപക്ഷം സീറ്റിൽ ജയിക്കും; കോൺഗ്രസ്-ബിജെപി കൂട്ടുകെട്ടുണ്ടാക്കി: എംവി ഗോവിന്ദൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭൂരിപക്ഷം സീറ്റുകളിൽ എൽഡിഎഫ് വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വടകരയിൽ വർഗീയ ധ്രൂവീകരണമുണ്ടായി. ബിജെപി വോട്ടുകൾ കോൺഗ്രസ് സ്ഥാനാർഥിക്ക് ലഭിച്ചു. രാജ്യത്ത് മതനിരപേക്ഷ സർക്കാർ അധികാരത്തിലെത്തുമെന്നാണ് പ്രതീക്ഷ. തൃശ്ശൂരിൽ ബിജെപി മൂന്നാം സ്ഥാനത്താകും

ഇടത് വോട്ടുകളെല്ലാം കൃത്യമായി പോൾ ചെയ്തു. ഇ വി വിവാദത്തിൽ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഇ പി ജയരാജന് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശം നൽകിയെന്ന് എംവി ഗോവിന്ദൻ അറിയിച്ചു. ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് തുടരുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു

മോദിയുടെ ഗ്യാരണ്ടി ജനം തള്ളി. വർഗീയ പ്രചാരണങ്ങൾക്കാണ് ഇപ്പോൾ മുൻതൂക്കം. വടകരയിൽ അടക്കം വർഗീയ ധ്രൂവീകരണത്തിന് ശ്രമിച്ചു. കോൺഗ്രസ് അതിന് കൂട്ടുനിന്നു. കേരളത്തെ അപമാനിക്കാനുള്ള സാധ്യതകളെല്ലാം ബിജെപിയും ആർഎസ്എസും പയറ്റുകയാണ്. 

എൽഡിഎഫ് വിജയം തടയാൻ കോൺഗ്രസ് ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി. വടകരയിൽ ബിജെപി വോട്ട് കോൺഗ്രസിന് നൽകി. ഷാഫി പറമ്പിൽ ജയിച്ചാൽ പാലക്കാട് നിയമസഭാ സീറ്റിൽ ബിജെപിയെ ജയിപ്പിക്കാമെന്നാണ് വ്യവസ്ഥ. വർഗീയ പ്രചാരണത്തിനൊപ്പം വ്യക്തി അധിക്ഷേപവുമുണ്ടായി. ഇതെല്ലാം ജനം തള്ളുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
 

Share this story