തദ്ദേശ വാർഡ് വിഭജന ബിൽ പാസാക്കിയത് പ്രതിപക്ഷത്തോട് ആലോചിക്കാതെ; ഇത് അനുവദിക്കില്ലെന്ന് സതീശൻ

satheeshan

നിയമസഭയിൽ മോദി ശൈലി അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തദ്ദേശ വാർഡ് പുനർനിർണയ ബിൽ പാസാക്കിയത് പ്രതിപക്ഷവുമായി ആലോചിക്കാതെയാണ്. കൂടിയാലോചന നടത്തിയെന്ന തദ്ദേശ മന്ത്രിയുടെ വാദം പച്ചക്കള്ളമാണ്. ഒരു തരത്തിലുമുള്ള ചർച്ചയും നടത്താതെയാണ് അനൗപചാരികമായി പ്രതിപക്ഷം സമ്മതിച്ചെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്

ഇത്തരത്തിൽ ബിൽ പാസാക്കാൻ പ്രതിപക്ഷം ഒരുതരത്തിലും സമ്മതിക്കില്ല. ഇല്ലാത്ത കാര്യമാണ് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഞങ്ങളുമായി ഒരു തരത്തിലുമുള്ള കൂടിയാലോചനകളും നടത്തിയിട്ടില്ല. നിയമസഭയുടെ പേരാണ് മോശമായത്. നിങ്ങൾക്ക് നിങ്ങളുടെ ഭൂരിപക്ഷം കൊണ്ട് തന്നെ ബിൽ പാസാക്കാമായിരുന്നു. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ഡീ ലിമിറ്റേഷൻ വലിയ പ്രക്രിയ ആണെന്ന് പറയുന്ന മന്ത്രിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഈ ബിൽ കൊണ്ടുവരാമായിരുന്നില്ലേ. സബ്ജക്ട് കമ്മിറ്റിക്ക് അയക്കുമെന്നാണ് അജണ്ടയിലുണ്ടായിരുന്നത്. മുൻ സഭയിൽ ഈ ബിൽ പരിഗണിച്ചപ്പോൾ ഇല്ലാതിരുന്ന നിരവധി പേർ ഇപ്പോഴത്തെ സഭയിലുണ്ട്. അവർക്കും ഭേദഗതികൾ അവതരിപ്പിക്കാനാകും. 

പെട്ടെന്ന് പാസാക്കേണ്ടതാണെങ്കിൽ പ്രതിപക്ഷത്തോട് പറയാമായിരുന്നു. ചരിത്രത്തിൽ ആദ്യമാണ് അജണ്ടയിൽ ഉൾപ്പെടുത്തിയ ബിൽ പ്രതിപക്ഷവുമായി ചർച്ച ചെയ്യാതെ ഏകപക്ഷീയമായി പാസാക്കുന്നതെന്നും സതീശൻ പറഞ്ഞു.
 

Share this story