മന്ത്രി കെ എം ഷാജിക്ക് ആഡംബര കാര്‍ നല്‍കിയ ആളെ സ്‌കൂള്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ വഴിവിട്ട ഉത്തരവ്

കെഎം ഷാജി

കണ്ണൂര്‍: മന്ത്രി കെ എം ഷാജിക്ക് ആഡംബര കാര്‍ നല്‍കിയ പ്രവാസി ബിസിനസുകാരനെ കണ്ണൂര്‍ കാവുംപടി സി എച്ച് മുഹമ്മദ് സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ വഴിവിട്ട നടപടി. വിദ്യാഭ്യസമന്ത്രി നേരിട്ട് തലശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് ഇതു സംബന്ധിച്ചു നിര്‍ദ്ദേശം നല്‍കിയതിന്റെ രേഖകള്‍ പുറത്തുവന്നു. മന്ത്രിക്കു കാര്‍ നല്‍കിയതിനു പ്രത്യുപകാരമായാണ് നടപടിയെന്ന് ആരോപണമുയര്‍ന്നു.

നേരത്തെ ഉണ്ടായിരുന്ന 34 പേര്‍ക്ക് പുറമേ 22 പേരെക്കൂടി ഉള്‍പ്പെടുത്തി ജനറല്‍ ബോഡി ചേരണമെന്നാണ് നിര്‍ദ്ദേശം. ഈ മാസം 26ന് ജനറല്‍ ബോഡി ചേരണമെന്നാണ് വിദ്യാഭ്യാസ ഓഫീസറുടെ ഉത്തരവ്. ഹൈക്കോടതി നേരത്തെ പലതവണ തള്ളിയ ആവശ്യമാണ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം നടപ്പിലാക്കുന്നത്. പല ഘട്ടങ്ങളില്‍ യാക്കൂബ് ഉള്‍പ്പെടെ ഉള്ളവര്‍ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് കോടതിയില്‍ പോയിരുന്നു. എന്നാല്‍ ഹര്‍ജികള്‍ തള്ളുകയായിരുന്നു. യു ഡി എഫ് സര്‍ക്കാര്‍ ഈ കോടതി വിധി അട്ടിമറിച്ചുകൊണ്ടുള്ള തീരുമാനമാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്ന് ആരോപണം ഉയര്‍ന്നു.

കാര്‍ വിവാദം ഉയര്‍ന്ന ഘട്ടത്തില്‍ താന്‍ എന്തെങ്കിലും വഴിവിട്ട സഹായം കാര്‍ ഉടമയ്ക്കോ മറ്റോ ചെയ്തു എന്ന് തെളിയിക്കാമോ എന്ന് മന്ത്രി കെ എം ഷാജി വെല്ലുവിളിച്ചിരുന്നു. കെ എം ഷാജി മന്ത്രിയായാല്‍ താനായിരിക്കും സി എച്ച് എം എം സ്‌കൂളിന്റെ മാനേജര്‍ എന്ന് യാക്കൂബ് പലരോടും പറഞ്ഞതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. മന്ത്രിമാരുടെ വഴിവിട്ട നടപടി പ്രദേശിക ലീഗ് നേതൃത്വത്തില്‍ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.

Tags

Share this story