കെ എസ് യു പ്രവർത്തകരുടെ അടുത്തേക്ക് വെല്ലുവിളിച്ച് ചെന്നത് മന്ത്രി; സ്പീക്കർക്കും ഗൂഢാലോചനയിൽ പങ്കെന്ന് സതീശൻ
പ്രതിഷേധ പ്രകടനം നടത്തിയ ഒരു കെ എസ് യു പ്രവർത്തകനും ആരോഗ്യമന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വെല്ലുവിളിച്ചു കൊണ്ട് പ്രവർത്തകർക്ക് നേരെ വന്നത് മന്ത്രിയാണ്. പോലീസും ആരോഗ്യമന്ത്രിയും തമ്മിലാണ് ഉന്തും തള്ളും ഉണ്ടായത്. കെ എസ് യു പ്രവർത്തകരുടെ അടുത്തേക്ക് പാഞ്ഞുപോയ മന്ത്രിയെ തടഞ്ഞത് പോലീസുകാരാണ്.
വനിതാ പൊലീസ് ഉൾപ്പടെയുള്ളവർ വളരെ പണിപ്പെട്ടിട്ടാണ് വീണാ ജോർജിന്റെ രോക്ഷം അടക്കിയതെന്ന് വി ഡി സതീശൻ പറഞ്ഞു. സംഭവം കഴിഞ്ഞ് മാധ്യമപ്രവർത്തകരോട് കുശലം പറഞ്ഞതിന് ശേഷമാണ് മന്ത്രി മൂന്നാമത്തെ പ്ലാറ്റ് ഫോമിലേക്ക് പോയത്. അവിടെ എത്തി സ്പീക്കർ എ എൻ ഷംസീറുമായി കൂടിയാലോചിച്ചാണ് പരുക്കേറ്റു എന്ന് മന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിക്കുമ്പോൾ പോലും കെ എസ് യുക്കാർ ആക്രമിച്ചതായി മന്ത്രി പറയുന്നില്ല
അതിന്റെ എല്ലാ തെളിവുകളും ഉണ്ട്. റെയിൽവേ പോലീസ് ദൃശ്യങ്ങൾ പരിശോധിച്ചിട്ടും ഒരു തെളിവ് പോലും പ്രവർത്തകർക്കെതിരെ ഇല്ലെന്നാണ് പറഞ്ഞത്. കെഎസ്യു പ്രവർത്തകർ മന്ത്രിയുടെ സമീപത്ത് പോലും എത്തിയിട്ടില്ല. സ്പീക്കറെ പോലുള്ളൊരാൾ മന്ത്രിയെ ആക്രമിച്ചെന്ന് പറഞ്ഞുകൊണ്ട് ഗൂഢാലോചനയുടെ ഭാഗമായത് വളരെ മോശമാണെന്നും സതീശൻ പറഞ്ഞു
