ബേലൂർ മഖ്‌നയെ പിടികൂടാനുള്ള ദൗത്യം ഇന്ന് മൂന്നാം ദിവസത്തിൽ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വയനാട് മാനന്തവാടിയിൽ ജനവാസ മേഖലയിലിറങ്ങി ഒരാളെ കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഖ്‌നയെ പിടികൂടാനുള്ള ദൗത്യം ഇന്ന് മൂന്നാം ദിവസവും തുടരും. മണ്ണുണ്ടി വനമേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനയെ മയക്കുവെടി വെക്കാനുള്ള ഒരുക്കം തുടങ്ങി. ഇടവേളകളിൽ ആനയുടെ സിഗ്നൽ ലഭിക്കുന്നുണ്ട്. ഇതനുസരിച്ചാണ് ട്രാക്കിംഗ് ടീം ആനയുടെ അടുത്തേക്ക് നീങ്ങുന്നത്

സ്ഥലവും സന്ദർഭവും കൃത്യമായാൽ മയക്കുവെടി വെക്കാൻ ശ്രമിക്കും. അതേസമയം ആന കുംകിയാനകളെ കാണുമ്പോൾ ഒഴിഞ്ഞുമാറുകയാണ്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനാൽ എത്രയും വേഗം കാട്ടാനയെ പിടികൂടാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്

തിരുനെല്ലി പഞ്ചായത്തിലെ എല്ലാ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി നൽകിയിട്ടുണ്ട്. മാനന്തവാടി നഗരസഭയിലെ കുറുക്കൻമൂല, കുറുവ, കാടംകൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
 

Share this story