പണം തന്നിരുന്നു, അത് അത്രയും തിരികെ നൽകി: നെടുമ്പറമ്പിൽ ഫിനാൻസ് ഉടമക്ക് മറുപടിയുമായി ആന്റോ ആന്റണി

anto

നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജു പണം തന്ന് സഹായിച്ചിട്ടുണ്ടെന്ന് ആന്റോ ആന്റണി എംപി. തനിക്ക് തന്ന പണം എത്രയാണോ അത് തിരികെ കൊടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ പണം സഹായമാണ് എന്നാണ് കരുതിയിരുന്നത്. എൻ എം രാജു തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നെന്നും ആന്റോ ആന്റണി പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞ് പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടു. അതുകഴിഞ്ഞ് താൻ പണം തിരികെ കൊടുത്തു. എൻ എം രാജു തനിക്ക് തന്ന പണം എത്രയാണോ അത് താൻ തിരികെ കൊടുത്തിട്ടുണ്ട്. രാജുവിന്റെ മകൾ വീട്ടിൽ വന്ന് പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തെ നിയമപരമായി നേരിടുമെന്ന് ആന്റോ ആന്റണി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കണക്കുകൾ എല്ലാം കൃത്യമാണ്. അതിൽ എല്ലാ തുകയും ഉൾപ്പെടുത്തിയിട്ടുണ്ട്. രാജു യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോഴാണ് തന്നെ സാമ്പത്തികമായി തെരഞ്ഞെടുപ്പ് സമയത്ത് സഹായിച്ചത്. രാജു ഇപ്പോൾ എൽഡിഎഫിന്റെ ഭാഗമാണ്. അതുകൊണ്ടാണ് തനിക്കെതിരെ ഇത്തരം ഒരു ആരോപണം ഇപ്പോൾ കുത്തിപ്പൊക്കി കൊണ്ടുവരുന്നതെന്ന് ആന്റോ ആന്റണി ആരോപിച്ചു. 

ആന്റോ ആന്റണി രണ്ട് കോടി രൂപ വാങ്ങിയെന്നും കരഞ്ഞ് കാലു പിടിച്ചിട്ടും തിരികെ തന്നില്ലെന്നും തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജു ആരോപിച്ചിരുന്നു. ആന്റോ ആന്റണിക്ക് നൽകിയത് നിക്ഷേപകരുടെ പണമാണ്. ഇക്കാര്യം ഇ ഡിയേയും ക്രൈം ബ്രാഞ്ചിനേയും അറിയിച്ചു. ഏഴ് വർഷമായിട്ടും തുക തിരിച്ചടച്ചില്ല. അടച്ചത് 20 ലക്ഷം മാത്രമാണെന്ന് എൻ എം രാജു പറഞ്ഞിരുന്നു.

Tags

Share this story