കാലവർഷം വീണ്ടും കനക്കുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്: ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനമുണ്ടായിരുന്നെങ്കിലും വീണ്ടും മഴ ശക്തിപ്പെടുകയാണ്. സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റമുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. കൂടാതെ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ മൺസൂൺ മുന്നേ ആരംഭിച്ചിരുന്നു. ആദ്യ ദിനങ്ങളിൽ ശക്തമായ മഴയാണ് കേരളത്തിൽ ലഭിച്ചതെങ്കിലും പിന്നീട് മഴ കുറഞ്ഞിരുന്നു.
ശ്രദ്ധിക്കുക: 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.
മധ്യകേരളത്തിലും വടക്കൻ മലബാർ ജില്ലകളിലും വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് പ്രവചനം. ജൂൺ 21-ഓടെ വടക്കൻ ജില്ലകളിൽ വീണ്ടും മഴ കനക്കാൻ സാധ്യതയുള്ളതിനാൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വരും ദിവസങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടില്ല.
മലയോര മേഖലകളിൽ താമസിക്കുന്നവരും നദിക്കരയിലുള്ളവരും ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
