ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥ ആശങ്കപ്പെടുത്തുന്നു; ഭരണസംവിധാനം ജാഗ്രതയോടെ പ്രവർത്തിക്കണം: പിണറായി വിജയന്‍

വെള്ളം

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കാണാതായവരെ കണ്ടെത്തുന്നതിനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കണമെന്ന് സര്‍ക്കാരിനോട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളം വീണ്ടും പ്രളയക്കെടുതിയെ നേരിടുകയാണെന്നും സംസ്ഥാനത്തൊട്ടാകെ 209 ക്യാമ്പുകളിലായി 5792 അന്തേവാസികള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരമെന്നും പിണറായി വിജയന്‍ പറഞ്ഞു. എട്ട് പേര്‍ മരണപ്പെടുകയും എട്ട് പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട് എന്നത് വേദനാജനകമാണെന്നും പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

'മരണപ്പെട്ടവരുടെയും കാണാതായവരുടെയും ഉറ്റവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വര്‍ധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. റാന്നിയില്‍ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ഗുരുതരമായ ആരോപണമാണ് ഉയരുന്നത്. വ്യാപാരികള്‍ക്ക് കടകളിലെ സാധനങ്ങള്‍ സുരക്ഷിതമാക്കാന്‍ പോലും സമയം ലഭിച്ചില്ല. അതിന്റെ പേരില്‍ അവര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കേണ്ടി വന്നിരിക്കുന്നു', പിണറായി വിജയന്‍ പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥയും ആശങ്കപ്പെടുത്തുന്നതാണ്. ഭക്ഷണവിതരണത്തില്‍ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ സമ്മതിച്ചിരിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഏകോപനക്കുറവ് കാരണം സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും രാഷ്ട്രീയ പ്രവര്‍ത്തകരും ചേര്‍ന്നാണ് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യേണ്ടി വന്നത്. സംസ്ഥാനത്തുടനീളം നൂറുകണക്കിന് ദുരിതാശ്വാസ ക്യാമ്പുകളില്‍ ആയിരക്കണക്കിന് മനുഷ്യരാണ് കഴിയുന്നത്. ഈ സാഹചര്യത്തില്‍ ഭരണസംവിധാനം കൂടുതല്‍ ജാഗ്രതയോടെയും കാര്യക്ഷമതയോടെയും പ്രവര്‍ത്തിക്കേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദുരന്തബാധിതര്‍ക്ക് ഭക്ഷണം, കുടിവെള്ളം, മരുന്ന്, സുരക്ഷിത താമസം, നഷ്ടപരിഹാരം എന്നിവ കൃത്യമായി ഉറപ്പാക്കണം. അതോടൊപ്പം, ഉണ്ടായ വീഴ്ചകള്‍ പരിശോധിച്ച് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണം. ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ പ്രവര്‍ത്തകരും പൊതുസമൂഹവും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. എല്ലാ ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലേര്‍ട്ടുമാണ്. തിങ്കളാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. നാളെ പത്തു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.

ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്.

Tags

Share this story