തണ്ണീർ കൊമ്പൻ ചരിഞ്ഞെന്ന വാർത്ത ഞെട്ടലുണ്ടാക്കി; ഉന്നത സമിതി അന്വേഷിക്കും: മന്ത്രി ശശീന്ദ്രൻ

തണ്ണീർ കൊമ്പൻ ചരിഞ്ഞെന്ന വാർത്ത ഞെട്ടലുണ്ടാക്കിയെന്നും സംഭവത്തെ കുറിച്ച് അഞ്ചംഗ ഉന്നത സമിതി അന്വേഷിക്കുമെന്നും വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വിദഗ്ധ പരിശോധന നടത്തുന്നതിന് മുമ്പേ ആന ചരിഞ്ഞു. മയക്കുവെടിയുടെ ഡോസ് സംബന്ധിച്ച കാര്യങ്ങൾ പോസ്റ്റ്‌മോർട്ടത്തിൽ മാത്രമേ വ്യക്തമാകുകയുള്ളു. കേരളത്തിലെയും കർണാടകയിലെയും വെറ്ററിനറി ടീം സംയുക്തമായിട്ടായിരിക്കും ഇന്ന് തന്നെ ആനയുടെ പോസ്റ്റുമോർട്ടം നടത്തുക. 

വിദഗ്ധ പരിശോധനക്ക് ശേഷം കാട്ടിലേക്ക് അയച്ചാൽ മതിയെന്നായിരുന്നു ഇ്‌നലെ രാത്രി തീരുമാനിച്ചത്. ഇന്ന് രാവിലെ പരിശോധന ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആന ചരിഞ്ഞുവെന്നാണ് അധികൃതർ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു. ഈ ഘട്ടത്തിൽ ഊഹാപോഹങ്ങൾ പറയുന്നത് ഉചിതമല്ല. മയക്കുവെടിയുടെ സൂചി കൊണ്ടത് പോലും മാധ്യമങ്ങൾ നേരിട്ട് കണ്ടതാണ്. അത്രയും സുതാര്യമായാണ് ദൗത്യം നടന്നത്. ഇനിയുള്ള തുടർ നടപടികളും സുതാര്യമാകണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
 

Share this story