സിഎം എന്നാണ് നമ്പർ സേവ് ചെയ്തിരിക്കുന്നത്; മുഖ്യമന്ത്രി തന്നെ വിളിച്ചിട്ടില്ലെന്ന് ജി സുധാകരൻ

g sudhakaran

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വിളിച്ചിട്ടില്ലെന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരൻ. സി എം എന്ന പേരിലാണ് പിണറായി വിജയന്റെ നമ്പർ സേവ് ചെയ്തിരിക്കുന്നത്. ആ നമ്പറിൽ നിന്ന് കോൾ വന്നിട്ടില്ല. വിളിച്ചു എന്ന് പറയുന്നതിന് രണ്ടാഴ്ച മുമ്പ് ആലപ്പുഴയിൽ വരുമ്പോൾ കാണണം എന്ന് ആവശ്യപ്പെട്ടിരുന്നു

അറിയിക്കാം എന്ന് അദ്ദേഹം പറഞ്ഞുവെങ്കിലും ഒന്നും അറിയിച്ചില്ലെന്നും ജി സുധാകരൻ അവകാശപ്പെടുന്നു. മൂന്ന് തവണ സുധാകരനെ വിളിച്ചതായി നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ജി സുധാകരനെ പാർട്ടി അവഗണിച്ചിട്ടില്ലെന്ന് വ്യക്തമാക്കുകയായിരുന്നു മുഖ്യമന്ത്രി. മൂന്ന് തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല. പാർട്ടി നിബന്ധനകൾക്ക് വിധേയനാകാൻ സുധാകരൻ തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു

ആദ്യം വിളിച്ചപ്പോൾ എൻഗേജ്ഡ് ആയിരുന്നു. രണ്ടാമത് വിളിച്ചപ്പോൾ എടുത്തില്ല. മൂന്നാമത് വിളിച്ചപ്പോഴും കിട്ടാതായതോടെ മനപ്പൂർവം എടുക്കാതിരിക്കുന്നതാണെന്ന് മനസിലായി. അദ്ദേഹവുമായി സംസാരിക്കുന്നതിനായി ജില്ലാ സെക്രട്ടറി നാസറിനെ വിളിച്ചു. നാസർ സുധാകരനോട് മുഖ്യമന്ത്രി വിളിച്ചെന്ന കാര്യം പറഞ്ഞപ്പോൾ വിളിച്ചില്ലെന്നാണ് സുധാകരൻ പറഞ്ഞത്. മുഖ്യമന്ത്രിയെ കണക്ട് ചെയ്ത് തരാമെന്ന് നാസർ പറഞ്ഞപ്പോൾ ഇപ്പോൾ വേണ്ട എന്നായിരുന്നു സുധാകരന്റെ മറുപടിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു
 

Tags

Share this story