ഔദ്യോഗിക വാഹനം കാണാനില്ല; ആലപ്പുഴയിൽ വീണ്ടും ഓട്ടോറിക്ഷയിൽ കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി

സുരേഷ് ഗോപി

ആലപ്പുഴ: ഔദ്യോഗിക വാഹനം കാണാത്തതിനെത്തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഓട്ടോറിക്ഷയിൽ കയറി യാത്രചെയ്തു. ആലപ്പുഴയിലായിരുന്നു സംഭവം. നേരത്തേ മണ്ണാറശാലയിലും തൃശൂരിലും ഔദ്യോഗിക വാഹനം കാണാത്തതിനെത്തുടർന്ന് സുരേഷ് ഗോപി ഓട്ടോറിക്ഷയിൽ യാത്രചെയ്തിരുന്നു.

ആലപ്പുഴയിലെ സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു സുരേഷ് ഗോപി. ചടങ്ങുകഴിഞ്ഞ് പോകാനായി പുറത്തിറങ്ങിയ സുരേഷ് ഗോപി താൻ ചടങ്ങിന് വന്നിറങ്ങിയ സ്ഥലത്ത് ഔദ്യോഗിക വാഹനം കാണാതായതോടെയാണ് സമീപത്തെ സ്റ്റാൻഡിൽ നിന്ന് ഓട്ടോപിടിച്ച് താമസിക്കുന്ന ഹോട്ടലിലേക്ക് പോയത്. ഓട്ടോയിൽ കയറാൻ തുടങ്ങുന്ന സുരേഷ് ഗോപിയോട് ഔദ്യോഗിക വാഹനം തൊട്ടപ്പുറത്തുണ്ടെന്നും അതുടനെ എത്തുമെന്നും പറഞ്ഞെങ്കിലും അതൊന്നും കേൾക്കാൻ നിൽക്കാതെ ഓട്ടോയിൽത്തന്നെ ഹോട്ടലിലേക്ക് പോവുകയായിരുന്നു.രണ്ട് പൊലീസ് ജീപ്പുകളുടെ അകമ്പടിയോടെയായിരുന്നു സുരേഷ് ഗോപിയുടെ ഓട്ടോയാത്ര.

സുരേഷ് ഗോപി എത്തുന്നതിനാൽ ഉദ്ഘാടനച്ചടങ്ങിന് വൻ ജനക്കൂട്ടമുണ്ടായിരുന്നു. ഓട്ടോയിൽ യാത്രചെയ്യുന്ന സുരേഷ് ഗോപിയോട് സംസാരിക്കാനും അദ്ദേഹത്തെ സ്പർശിക്കാനും ചിലർ ശ്രമിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.ഉദ്ഘാടന സ്ഥലത്തെ വലിയ ജനത്തിരക്കും സമീപത്തുള്ള കോടതിപ്പാലത്തിന്റെ നിർമാണത്തെത്തുടർന്ന് പ്രദേശത്ത് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണവുമാണ് ഔദ്യോഗിക വാഹനം വൈകിയെത്താൻ കാരണമായത്. താമസസ്ഥലത്ത് എത്തിയ ശേഷം സുരേഷ് ഗോപി ഔദ്യോഗിക വാഹനത്തിൽ തന്നെ യാത്രതുടർന്നു.ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്

Tags

Share this story