പത്മജ ആകെ ചെയ്ത ജനസേവനം കെ കരുണാകരന്റെ മകളായി ജനിച്ചു എന്നതാണ്: പിഎംഎ സലാം

PMA Salam

പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. അനിൽ ആന്റണി ഉണ്ടാക്കിയതിന്റെ ഇരട്ടി ബുദ്ധിമുട്ട് പത്മജ ബിജെപിക്ക് ഉണ്ടാക്കും. ബിജെപിക്ക് ബുദ്ധി ഉപദേശിക്കുന്നവരെ കുറിച്ചും അത് അനുസരിക്കുന്ന നേതാക്കളെ കുറിച്ചും തനിക്ക് സഹതാപമാണെന്നും സലാം പറഞ്ഞു

ജനപിന്തുണ ഇല്ലാത്ത ആളുകളാണ് അനിൽ ആന്റണി, പിസി ജോർജ് തുടങ്ങിയവർ. പക്ഷേ ബിജെപിക്ക് എന്ത് ഗുണമാണ് ഉണ്ടായത്. ഇതിന്റെ മൂന്നാമത്തെ വേർഷനാണ് പത്മജ. അവർ ആകെ ചെയ്ത ജനസേവനം കരുണാകരന്റെ മകളായി ജനിച്ചു എന്നതാണ്. 

പത്മജ പാർട്ടി മാറിയത് യുഡിഎഫിനെ ഒരുതരത്തിലും ബാധിക്കില്ല. സിപിഎം വാദം ഒരാളും സ്വീകരിച്ചില്ലെന്നതിന്റെ തെളിവാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പ്. ബംഗാളിലെ മുഴുവൻ സിപിഎം നേതാക്കളും ഇപ്പോൾ ബിജെപിയിലാണ്. പത്മജ നേരത്തെ പോയിരുന്നുവെങ്കിൽ യുഡിഎഫ് രക്ഷപ്പെടുമായിരുന്നു എന്നും സലാം പറഞ്ഞു.
 

Share this story