ശമ്പളവും അവധിയും നൽകാതെ ജീവനക്കാരിയെ പൂട്ടിയിട്ട് മർദിച്ച കേസിൽ സ്ഥാപന ഉടമ പിടിയിൽ

arun

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ശമ്പളവും അവധിയും ആവശ്യപ്പെട്ട ജീവനക്കാരിയെ പൂട്ടിയിട്ട് മർദിച്ച കടയുടമ അറസ്റ്റിൽ. നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് വീടുകളിൽ സാധനങ്ങൾ വിൽപ്പന നടത്തുന്ന വയനാട് പനമരം സ്വദേശി അരുണാണ്(38) അറസ്റ്റിലായത്. വയനാട് വെൺമണി എടമല വീട്ടിൽ നന്ദനക്കാണ്(20) മർദനമേറ്റത്. 

ആക്രമണത്തിൽ നന്ദനയുടെ തലയ്ക്കും മുഖത്തും അടിയേറ്റിരുന്നു. കേസിൽ അരുണിന്റെ ഭാര്യ പ്രിൻസിക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ ലേബർ ഓഫീസർക്ക് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. 

യുവതിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സഹപ്രവർത്തക മൊബൈിൽ പരിശോധിച്ചിരുന്നു. പോലീസ് ഇത് തെളിവായി സ്വീകരിച്ചു. 12,000 രൂപ മാസ ശമ്പളത്തിൽ പല ജില്ലകളിൽ നിന്നുള്ള ഇരുപതോളം പെൺകുട്ടികളാണ് അരുണിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നത്. ഓരോരുത്തർക്കും എൺപതിനായിരം രൂപയോളം അരുൺ നൽകാനുണ്ട്.
 

Share this story