ഇപിയുടെ വെളിപ്പെടുത്തലിൽ ഞെട്ടൽ മാറാതെ പാർട്ടി; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് മറ്റന്നാൾ

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തിങ്കളാഴ്ച ചേരും. തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ ചർച്ചയെങ്കിലും ഇപി ജയരാജൻ-പ്രകാശ് ജാവേദ്കർ കൂടിക്കാഴ്ചയും പോളിംഗ് ദിനത്തിലെ തുറന്നുപറച്ചിലുകളും വിമർശനവുമൊക്കെ യോഗത്തിൽ ഉയരും. ഇപി ജയരാജൻ ബിജെപി നേതാവുമായി ചർച്ച നടത്തിയെന്ന വെളിപ്പെടുത്തൽ പാർട്ടിയെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിട്ടുണ്ട്

ഇപിക്കെതിരെ നടപടി വേണമെന്ന ആവശ്യം പാർട്ടി അണികളിൽ നിന്ന് തന്നെ ഉയരുന്നുണ്ട്. പോളിംഗ് ദിനത്തിലാണ് കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവേദ്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന ഇപി വെളിപ്പെടുത്തിയത്. ഇത് പാർട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നാണ് സിപിഎം നിലപാട്. മുഖ്യമന്ത്രി ഇപിയെ പരസ്യമായി തള്ളിപ്പറഞ്ഞതും അണികളെ ഞെട്ടിച്ചിട്ടുണ്ട്

തിരുവനന്തപുരത്തുള്ള മകന്റെ ഫ്‌ളാറ്റിലെത്തി ബിജെപി നേതാവ് പ്രകാശ് ജാവേദ്കർ തന്നെ കണ്ടുവെന്നാണ് ഇപി വെളിപ്പെടുത്തിയത്.  വീട്ടിൽ വന്നവരോട് ഇറങ്ങിപ്പോകാൻ പറയുന്നത് എങ്ങനെയെന്നും രാഷ്ട്രീയം ചർച്ചയായില്ലെന്നും ഇപി പറഞ്ഞു. എന്നാൽ ഇടക്കാലത്ത് സിപിഎം നേതൃത്വവുമായി അകൽച്ച പാലിച്ച ഇപി ജയരാജൻ ബിജെപി കേന്ദ്ര നേതാക്കളുമായി നിരന്തരം ചർച്ചയിലായിരുന്നുവെന്ന് ബിജെപി നേതാക്കളും ആരോപണമുയർത്തിട്ടുണ്ട്.
 

Share this story