ഇടതുമുന്നണിയെ ജനങ്ങൾ കൈവിട്ടു; ബിജെപി ജയിക്കുമായിരുന്നെങ്കിൽ തിരുവനന്തപുരത്തല്ലേ ജയിക്കേണ്ടത്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇടതുമുന്നണിയെ ജനങ്ങൾ കൈവിട്ടതായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പോലും യുഡിഎഫിന്‍റെ വിജയമുറപ്പിക്കാൻ കെ.സുധാകരനു കഴിഞ്ഞുവെങ്കിൽ ഈ നാട്ടിലുള്ള ജനങ്ങളുടെ അതിശക്തമായ പ്രതിഷേധമാണ് പ്രകടമാകുന്നത്. ഇടതു  ഗവൺമെന്‍റിനെതിരായിട്ടുള്ള കടുത്ത അമർഷമാണ് കണ്ടത്. നരേന്ദ്രമോദിയെയും പിണറായി വിജയനെയും ജനങ്ങൾ മടുത്തിരിക്കുന്നുവെന്നതിന്‍റെ സൂചനയാണ് ഈ പാർലമെന്റ് തെരഞ്ഞെടുപ്പിലൂടെയുണ്ടായ മിന്നുന്ന വിജയമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

തൃശൂരിൽ കണ്ടത് പിണറായി സ്പോൺസേഡ് വിജയമാണ്. തൃശൂരിൽ വിജയിപ്പിച്ചാൽ എല്ലാ കേസുകളും ഒതുക്കാമെന്ന വാഗ്ദാനം ഫലിച്ചു. പിന്നെ ഒരു സിനിമാ നടന് ജനങ്ങൾ കൊടുത്ത അംഗീകാരം. ബിജെപി ജയിക്കുമായിരുന്നെങ്കിൽ തിരുവനന്തപുരത്തല്ലേ ജയിക്കേണ്ടത്? എല്ലാവരും കിണഞ്ഞു ശ്രമിച്ചിട്ടും തരൂർ വൻവിജയം നേടിയില്ലേ. തൃശൂരിലേത് ഒരു ബി ജെ പി വിജയമായി കാണാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

എന്നെ സംബന്ധിച്ചിടത്തോളം ഇരട്ടി സന്തോഷത്തിലാണ്.  ഒന്ന്, ഞാൻ പ്രചാരണസമിതി ചെയർമാനായിരിക്കുന്ന കേരളത്തിൽ  നേടിയ വമ്പിച്ച വിജയം. മറ്റൊന്ന് എനിക്ക് ചുമതലയുള്ള മഹാരാഷ്ട്രയിൽ എൻഡിഎ യെ തറപറ്റിക്കാൻ സാധിച്ചു. കഴിഞ്ഞ തവണ ഒരു സീറ്റുണ്ടായിരുന്ന മഹാരാഷ്ട്രയിൽ കോൺഗ്രസ് 12 സീറ്റ് നേടി, കോൺഗ്രസും എൻസിപി യും ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും ഉൾപ്പെടുന്ന മഹാ വികാസ് അഘാഡി 30 ഓളം സീറ്റുകളിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കി.'-ചെന്നിത്തല അറിയിച്ചു.

Share this story