ബ്രഹ്‌മപുരത്തുനിന്നുള്ള വിഷപ്പുക നിയന്ത്രിക്കാനായില്ല; നാളെയും സ്‌കൂളുകള്‍ക്ക് അവധി: രാത്രിയും തീ അണയ്ക്കാന്‍ പരിശ്രമങ്ങള്‍

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ നിന്നും കൂടുതല്‍ പുക ഉയര്‍ന്നു തുടങ്ങി. തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞെങ്കിലും പുക നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല. പുക ശമിപ്പിക്കുന്നതിന് ഫയര്‍ ആന്റ് റെസ്‌ക്യൂവിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ തുടരുകയാണ്. ഇന്നു രാത്രിയും തീ അണയ്ക്കല്‍ ജോലികള്‍ നടക്കും. അതേസമയം, ബ്രഹ്‌മപുരം മാലിന്യശേഖരണ പ്ലാന്റില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി വടവുകോട് – പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികള്‍, കിന്റര്‍ഗാര്‍ട്ടണ്‍, ഡേ കെയര്‍ സെന്ററുകള്‍ എന്നിവയ്ക്കും സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും നാളെയും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല.
30 ഫയര്‍ യൂണിറ്റുകളാണ് നിലവില്‍ ബ്രഹ്‌മപുരത്ത് പ്രവര്‍ത്തിക്കുന്നത്. ഒരു യൂണിറ്റില്‍ 40,000 ലിറ്റര്‍ വെള്ളമാണ് ഉപയോഗിക്കുന്നത്. 120 അഗ്നിസുരക്ഷാ സേനാംഗങ്ങളാണ് പുക ശമിപ്പിക്കാനായി രംഗത്തുളളത്. കൂടാതെ കൊച്ചി കോര്‍പ്പറേഷന്‍ ജീവനക്കാരുമുണ്ട്. നേവിയുടെ രണ്ട് ഹെലികോപ്ടറില്‍ മുകളില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നുണ്ട്. സിയാലില്‍ നിന്നുള്‍പ്പടെ യന്ത്രസാമഗ്രികള്‍ ബ്രഹ്‌മപുരത്തെത്തിച്ചിട്ടുണ്ട്.