വൈദ്യുതി നിയന്ത്രണം 10 മുതല്‍ 15 മിനിറ്റ് വരെ മാത്രം; ഗാർഹിക ഉപയോക്താക്കളെ ബാധിക്കില്ല

KSEB

തിരുവനന്തപുരം: സംസ്ഥാനത്ത് മേഖലകള്‍ തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാർഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. 10 മുതല്‍ 15 മിനിറ്റ് വരെ മാത്രമാണ് വൈദ്യുതി നിയന്ത്രണം. വൈദ്യുതി നിയന്ത്രണത്തിന്‍റെ പുരോഗതി ഇന്നും നാളെയും വിലയിരുത്തും, അതിന് ശേഷം വൈദ്യുതി നിയന്ത്രണം തുടരണോയെന്ന് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

മേഖല തിരിച്ചുള്ളനിയന്ത്രണത്തിൽ ഗുണം കണ്ടെന്നും മന്ത്രി അറിയിച്ചു. മണ്ണാർക്കാട് മേഖലയിൽ വെള്ളിയാഴ്ച തുടങ്ങിയ നിയന്ത്രണം ഗുണം കണ്ടു. ഒരൊറ്റ ദിവസം കൊണ്ട് 200 മെഗാവാട്ട് കുറഞ്ഞു. വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നത്. നിയന്ത്രണത്തിന്‍റെ ഭാഗമായി താനും വൈദ്യുതി ഉപയോഗം കുറച്ചെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വൈദ്യുതി ഉപഭോഗം കൂടിയതോടെ ഇന്നലെ മുതലാണ് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങിയത്. ഉപഭോഗം കൂടിയ ഇടങ്ങളിലാണ് നിയന്ത്രണം. ആദ്യഘട്ടത്തിൽ പാലക്കാടാണ് നിയന്ത്രണമേർപ്പെടുത്തിയത്. ഇടവിട്ട് വൈദ്യുതി നിയന്ത്രണത്തിനാണ് സാധ്യത. മണ്ണാർക്കാട്, അലനല്ലൂർ, കൊപ്പം, ഷൊർണൂർ, ഒറ്റപ്പാലം, ആറങ്ങോട്ടുര, പട്ടാമ്പി, കൂറ്റനാട്, പത്തിരിപ്പാല, കൊല്ലങ്കോട്, ചിറ്റൂർ, വടക്കഞ്ചേരി, കൊടുവായൂർ, നെന്മാറ,ഒലവക്കോട് സബ്സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ നിയന്ത്രണം. രാത്രി 7നും അർധരാത്രി ഒരു മണിക്കുമിടയിലാണ് നിയന്ത്രണമേർപ്പെടുത്തിയത്.

Share this story