അര്‍ഹമായ വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നതാണ് പ്രശ്‌നം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

അര്‍ഹമായ വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നതാണു പ്രശ്‌നമെന്നു ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യം തന്നെ വസ്തുതാവിരുദ്ധമാണ്. ജിഎസ്ടി കണക്കുകള്‍ കൃത്യമായി സമര്‍പ്പിക്കുന്നതുകൊണ്ടാണു എല്ലാ ഗഡുവും കേന്ദ്രം കൃത്യമായി നല്‍കിയത്. കുടിശികയുടെ കാര്യമല്ല കേരളം ഉന്നയിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണു ധനമന്ത്രിയുടെ വിശദീകരണം.
ജിഎസ്ടി നഷ്ടപരിഹാരമായി അയ്യായിരം കോടിയോളം രൂപ കേന്ദ്രം നല്‍കാനുണ്ടെന്ന ചോദ്യമാണു എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ ഉന്നയിച്ചത്. കേരളം കൃത്യമായി രേഖകളൊന്നും സമര്‍പ്പിക്കാറില്ലെന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ മറുപടി പറഞ്ഞു. വര്‍ഷാവര്‍ഷം ഓഡിറ്റ് ചെയ്ത കണക്കുകള്‍ നല്‍കുമ്പോഴാണ് സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത്. എന്നാല്‍ 5 വര്‍ഷമായി കേരളം അക്കൗണ്ട് ജനറലിന്‍റെ അംഗീകാരമുള്ള ജിഎസ്ടി രേഖകള്‍ സമര്‍പ്പിച്ചിട്ടില്ല. എന്നിട്ടും കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് എന്തിനെന്നും നിര്‍മല സീതാരാമന്‍ ചോദിച്ചിരുന്നു.
ധനമന്ത്രി കെ എന്‍ ബാലഗോപാലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:-
കേരളത്തിന് ജി എസ് ടി കുടിശിക ഇനത്തില്‍ വലിയ തുക കിട്ടാനുണ്ടെന്നും അതുകൊണ്ടാണ് കേരളത്തില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് സെസ്സ് ഏര്‍പ്പെടുത്തിയതുമുള്ള ശ്രീ. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചോദ്യവും അതിന് കേന്ദ്ര ധനകാര്യ മന്ത്രി നല്‍കിയ ഉത്തരവും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണല്ലോ. ചോദ്യം തന്നെ വസ്തുതാവിരുദ്ധമാണെന്ന് ആദ്യം തന്നെ പറയട്ടെ. കേരളത്തിന് കുടിശ്ശികയായി കേന്ദ്രം നല്‍കാനുള്ളത് 750 കോടി രൂപ മാത്രമാണ്. സംസ്ഥാനത്തിന് കിട്ടാനുള്ള ജി.എസ്.ടി കുടിശ്ശികയുടെ കാലതാമസം സംബന്ധിച്ച് കേരളവും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നിലവില്‍ തര്‍ക്കങ്ങളില്ല.
തര്‍ക്കമില്ലാത്ത വിഷയങ്ങളില്‍ തര്‍ക്കമുണ്ട് എന്ന് വരുത്തി യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ മറച്ചുവെക്കാനാണ് ഇത്തരം ചോദ്യങ്ങളിലൂടെ ചിലര്‍ ശ്രമിക്കുന്നത് എന്നതാണ് ആദ്യം കാണേണ്ടത്. കേരളം ഉന്നയിക്കുന്ന പ്രശ്‌നം കുടിശ്ശികയുടേതോ അതനുവദിക്കുന്നതിലെ കാലതാമസത്തിന്‍റേതോ അല്ല. മറിച്ച് സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായി നല്‍കേണ്ടുന്ന വിഹിതം കേന്ദ്രം വെട്ടിക്കുറയ്ക്കുന്നു എന്നതിന്‍റേതാണ്.
ജി എസ് ടി നടപ്പിലാക്കിയതോടെ സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ വലിയ കുറവാണുണ്ടായിട്ടുള്ളത്. 2022 ജൂണ്‍ 30-ന് ജി.എസ്.ടി നഷ്ടപരിഹാരം അവസാനിപ്പിച്ചതോടെ കേരളത്തിനുണ്ടായത് പന്ത്രണ്ടായിരത്തോളം കോടി രൂപയുടെ നഷ്ടമാണ്. പ്രകൃതി ദുരന്തങ്ങളും മഹാമാരിയും സൃഷ്ടിച്ച പ്രതിസന്ധിമൂലവും, പല സാധനങ്ങളുടെയും നികുതി വെട്ടിക്കുറച്ചതിന്‍റെ ഭാഗമായും സംസ്ഥാനങ്ങള്‍ക്കുണ്ടായ വരുമാനനഷ്ടം പരിഹരിക്കാന്‍ ജി എസ് ടി നഷ്ടപരിഹാരം അഞ്ചു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കണം എന്ന് ബിജെപി ഭരിക്കുന്നതുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും ഛത്തീസ്ഗഡും ഇതേ ആവശ്യം ഉന്നയിച്ചവരാണ്. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ഡിവിസിബിള്‍ പൂളില്‍ നിന്ന് സംസ്ഥാനത്തിന് നല്‍കുന്ന വിഹിതം 1.925% ആയി വെട്ടിക്കുറച്ചതിലൂടെ 18,000 ത്തോളം കൂടി രൂപയുടെ നഷ്ടമാണുണ്ടാകുന്നത്. ഇതൊക്കെയാണ് കേരളം ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍.
കേരളത്തെ സംബന്ധിച്ചിടത്തോളം 750 കോടി രൂപയുടെ ഒരു ഗഡു ജിഎസ്ടി നഷ്ടപരിഹാരം മാത്രമാണ് ലഭിക്കാനുള്ളത് . കണക്കുകളെല്ലാം കൃത്യമായി സമര്‍പ്പിക്കുന്നുമുണ്ട്. കേന്ദ്രവുമായുള്ള കത്തിടപാടുകള്‍ അതിന്‍റെ മുറക്ക് നടക്കുന്നുമുണ്ട്. അതുകൊണ്ടാണ് നാളിതുവരെ എല്ലാ ഗഡുവും നമുക്ക് കേന്ദ്രം നല്‍കിയതും. കേരളത്തിനര്‍ഹമായ സാമ്പത്തിക വിഹിതം വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര നിലപാടിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും അണിനിരക്കണം.