ലേക്കർ ഇന്ത്യ കടലാസ് കമ്പനിയെന്ന പ്രചാരണം തെറ്റ്; നിയമാനുസൃതമാണ് പ്രവർത്തനമെന്ന് പാർട്ണർ അനീസ് കോടമ്പിയത്ത്

ലേക്കർ ഇന്ത്യ

കൊച്ചി: ലേക്കര്‍ ഇന്ത്യ കോര്‍പ്പ് കടലാസ് കമ്പനിയല്ലെന്ന് ലേക്കര്‍ ഇന്ത്യ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് കമ്പനി തുടങ്ങിയതെന്നും ലേക്കര്‍ ഇന്ത്യ വിശദീകരിക്കുന്നു. എന്നാൽ പഞ്ചായത്ത് ലൈസന്‍സ് ഇല്ലെന്നതും കമ്പനി സ്ഥരീകരിച്ചു. ലൈസന്‍സിനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നു. രേഖകളില്‍ തിരുത്തല്‍ വരുത്താന്‍ പഞ്ചായത്ത് നിര്‍ദേശിച്ചു. തിരുത്തലുകള്‍ വരുത്തി അപേക്ഷ വീണ്ടും സമര്‍പ്പിക്കുമെന്നും കമ്പനി പാർട്ണറായ ഡോ. അനീസ് കോടമ്പിയത്ത് വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

വീണ ടി ക്ക് പങ്കാളിത്തമുള്ള ലേക്കര്‍ ഇന്ത്യ കോര്‍പ്പിന് ലൈസന്‍സില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പഞ്ചായത്ത് ലൈസന്‍സില്ലാതെയാണ് ലേക്കര്‍ ഇന്ത്യ കോര്‍പ്പ് പ്രവര്‍ത്തിച്ചത്. നടപടി രേഖകളിലെ പൊരുത്തക്കേടിനെ തുടര്‍ന്നാണ് ഒളവണ്ണ പഞ്ചായത്ത് ലൈസന്‍സിനുള്ള അപേക്ഷ മടക്കിയത്.

കമ്പനി രേഖകളില്‍ ഉടമകള്‍ ടി വീണയും ഡോ. അനീസ് കോടമ്പിയത്തും ആണെന്നിരിക്കെ വാടകക്കരാറില്‍ അനീസിന്റ പേര് മാത്രമാണുള്ളത്. വീണയുടെ പേര് കൂടി വേണമെന്ന് അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പാണ് കമ്പനി തുടങ്ങിയതെങ്കിലും ഈയിടെ മാത്രമാണ് ലൈസന്‍സിന് അപേക്ഷിച്ചത്. രേഖകള്‍ ക്രമപ്പെടുത്താനുള്ള നീക്കമെന്നായിരുന്നു സംശയം.

അതേസമയം, സിഎംആര്‍എല്‍- എക്‌സാലോജിക്ക് സാമ്പത്തിക ഇടപാട് കേസില്‍ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുമായുള്ള വീണയുടെ സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
റെയ്ഡിനിടെ ഇഡി പിടിച്ചെടുത്ത നിഖിലിന്റെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കാനും തീരുമാനമുണ്ട്.

കേസില്‍ വീണ ടിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ഹാജാരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയക്കാനാണ് തീരുമാനം. സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടി കേസിലെ പുതിയ കണ്ടെത്തലുകളുണ്ടെ അടിസ്ഥാനത്തിലാണ് നീക്കം. ഇതിന്റെ അടിസ്ഥാനത്തില്‍ വീണയ്‌ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാനും തീരുമാനമുണ്ട്.

Tags

Share this story