പ്രോസിക്യൂഷന്റെ എതിർപ്പ് തള്ളി; ദിലീപിന്റെ പാസ്‌പോർട്ട് തിരികെ നൽകാൻ കോടതി തീരുമാനം
നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ദിലീപിന്റെ പാസ്‌പോർട്ട് തിരിച്ചു കൊടുക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തീരുമാനിച്ചു. പാസ്‌പോർട്ട് വിട്ടുകിട്ടണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകകരിക്കുകയായിരുന്നു. പുതിയ സിനിമയുടെ പ്രമോഷന് വേണ്ടി വിദേശത്തേക്ക് പോകണമെന്നതടക്കമുള്ള കാര്യമാണ് ദിലീപിന്റെ അഭിഭാഷകർ കോടതിയിൽ ബോധ്യപ്പെടുത്തിയത്
കേസിൽ നേരത്തെ അറസ്റ്റിലായ സമയത്ത് ജാമ്യം ലഭിച്ചപ്പോൾ വ്യവസ്ഥകളുടെ ഭാഗമായാണ് പാസ്‌പോർട്ട് കോടതിയിൽ സമർപ്പിച്ചത്. പിന്നീട് വ്യവസ്ഥകളിൽ പലതവണ ഇളവ് തേടുകയും വിദേശത്തേക്ക് പോകുകയും ചെയ്തിരുന്നു. കേസിൽ കുറ്റവിമുക്തനായ അന്ന് തന്നെ പാസ്‌പോർട്ട് തിരിച്ചു നൽകണമെന്ന് പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു
എന്നാൽ അപ്പീൽ പോകേണ്ട ആവശ്യമുണ്ടെന്നും അതിനാൽ പാസ്‌പോർട്ട് തിരിച്ചുനൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. വിഷയം ഇന്ന് വീണ്ടും പരിഗണിച്ച കോടതി പാസ്‌പോർട്ട് നൽകാൻ തീരുമാനിക്കുകയായിരുന്നു. ദിലീപ് കുറ്റവിമുക്തനാണെന്നും ഇതോടെ ജാമ്യബോണ്ടുകൾ അവസാനിച്ചെന്നും കോടതി വ്യക്തമാക്കി
