റേഞ്ച് റോവർ മന്ത്രിയായപ്പോൾ ഉപയോഗിച്ചു തുടങ്ങിയതല്ല, നേരത്തെയും ഉപയോഗിച്ചിട്ടുണ്ട്: വിമർശനങ്ങൾ തള്ളി കെ.എം. ഷാജി

KM ഷാജി

മലപ്പുറം: റേഞ്ച് റോവര്‍ കാര്‍ വിവാദത്തില്‍ വിശദീകരണവുമായി കെ എം ഷാജി രംഗത്ത്. നാടിനെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുള്ളപ്പോള്‍ മാധ്യമങ്ങള്‍ ഇതിന്റെ ഒക്കെ പുറകെ ആണോ പോകേണ്ടത് എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. ഇപ്പോള്‍ 'ഫേമസ്' ആയ റേഞ്ച് റോവര്‍ താന്‍ മന്ത്രി ആയപ്പോള്‍ ഉപയോഗിച്ചു തുടങ്ങിയതല്ല. ഒരധികാരസ്ഥാനത്തും ഇല്ലാതിരുന്ന കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ ഒരുപാട് തവണ താന്‍ ഈ വാഹനം ഉപയോഗിച്ചിട്ടുണ്ട്. മാധ്യമങ്ങളുടെ ആര്‍ക്കൈവില്‍ നോക്കിയാല്‍ അത് കണാം എന്നുമാണ് കെ എം ഷാജി ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നത്.

തനിക്ക് ഒരു പാട് നല്ല സൗഹൃദങ്ങള്‍ ഉണ്ട്. അവരില്‍ പലര്‍ക്കും മുന്തിയ വാഹനങ്ങളും ഉണ്ട്. അവരില്‍ ആരുടെ വണ്ടിയും നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ഉപയോഗിക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നല്ല വാഹനങ്ങള്‍ വീട്ടില്‍ വെറുതെ ലോക്ക് ചെയ്ത് വെച്ചിട്ടുള്ള സുഹൃത്തുക്കളോട് യാക്കൂബ്ക്കയെ പോലെ പ്രശസ്തന്‍ ആകാന്‍ ആഗ്രഹമുണ്ടെങ്കില്‍ വണ്ടി തനിക്ക് ഉപയോഗിക്കാന്‍ തന്നോളൂ എന്ന പരിഹാസവും ഷാജി ഉയര്‍ത്തിയിട്ടുണ്ട്.

താനുമായുള്ള സൗഹൃദത്തിന്റ പേരില്‍ ആരെങ്കിലും അവിഹിതമായി എന്തെങ്കിലും നേടുന്നുണ്ടോ എന്ന് ഔഡിറ്റ് ചെയ്യാം. 'സിപിഐഎം സൈബര്‍ പോരാളികളോടും, വീട്ടിലിരിക്കുന്ന മുന്‍ മന്ത്രിമാരോടും എന്റെ സ്ഥിരം 'അഭ്യൂദയ കാംക്ഷി' കളോടും, നിങ്ങളെയൊന്നും ഇത് വരെ പേടിച്ചിട്ടുമില്ല, ഇനിയൊട്ട് പേടിക്കാന്‍ തീരുമാനിച്ചിട്ടുമില്ല' എന്ന മുന്നറിയിപ്പും മന്ത്രി നല്‍കുന്നുണ്ട്. തുടര്‍ന്നും ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കാനാണ് താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന സൂചനയും കെ എം ഷാജി ഫേസ്ബുക്ക് പോസ്റ്റില്‍ ഉയര്‍ത്തിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


ഞാന്‍ റേഞ്ച് റോവര്‍ കാര്‍ ഉപയോഗിച്ചതും അത് തിരിച്ചു കൊടുത്തു എന്നതും ആണ് പുതിയ വാര്‍ത്ത.
നാടിനെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുള്ളപ്പോള്‍ മാധ്യമങ്ങള്‍ ഇതിന്റെ ഒക്കെ പുറകെ ആണോ പോകേണ്ടത്?!
സൈബര്‍ സഖാക്കളും രാഷ്ട്രീയ ശത്രുക്കളും അവരുടെ പണി ചെയ്യുന്നതാണെന്ന് മനസ്സിലാക്കാം.
ആ പണി അവര്‍ ഇപ്പോള്‍ തുടങ്ങിയതുമല്ല! മാധ്യമങ്ങള്‍ അങ്ങനെ ആണോ?!
ഇപ്പോള്‍ 'ഫേമസ്' ആയ റേഞ്ച് റോവര്‍ ഞാന്‍ മന്ത്രി ആയപ്പോള്‍ ഉപയോഗിച്ചു തുടങ്ങിയതല്ല.
എത്രയോ വര്‍ഷങ്ങള്‍ ആയി ഞാന്‍ ഇടക്കിടെ ഉപയോഗിക്കുന്ന വാഹനം ആണ്.
ഞാന്‍ ഒരധികാര സ്ഥാനത്തും ഇല്ലാതിരുന്ന കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ ഒരു പാട് തവണ ഞാന്‍ ഈ വാഹനം ഉപയോഗിച്ചിട്ടുണ്ട്.
നിരവധി തവണ വരികയും തിരിച്ചു പോകുകയും ചെയ്തിട്ടുണ്ട്.
മാധ്യമ പ്രവര്‍ത്തകരെ, നിങ്ങളുടെ ആര്‍ക്കൈവില്‍ നോക്കിയാല്‍ അത് കാണാം.

എനിക്ക് ഒരു പാട് നല്ല സൗഹൃദങ്ങള്‍ ഉണ്ട്. അവരില്‍ പലര്‍ക്കും മുന്തിയ വാഹനങ്ങളും ഉണ്ട്. അവരില്‍ ആരുടെ വണ്ടിയും നടപടിക്രമങ്ങള്‍ പാലിച്ചു കൊണ്ട് ഉപയോഗിക്കുന്നതില്‍ എന്തെങ്കിലു തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
ഈ വിഷയത്തില്‍ നിയമപരമായ വല്ല പ്രശ്‌നങ്ങളും ഉണ്ടെങ്കില്‍ അത് ചൂണ്ടി കാണിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്.
ആവശ്യമായ അനുമതികള്‍ വാങ്ങി തന്നെയാണ് ഞാന്‍ ഈ വാഹനം ഉപയോഗിച്ചിട്ടുള്ളത്; കൂടാതെ, ഇത് ഞാന്‍ സ്ഥിരമായി ഉപയോഗിക്കുന്ന വാഹനവും അല്ല.

നല്ല വാഹനങ്ങള്‍ വീട്ടില്‍ വെറുതെ ലോക്ക് ചെയ്ത് വെച്ചിട്ടുള്ള സുഹൃത്തുക്കളോടാണ്,
യാക്കൂബ്ക്കയെ പോലെ പ്രശസ്തന്‍ ആകാന്‍ ആഗ്രഹമുണ്ടെങ്കില്‍ വണ്ടി എനിക്ക് ഉപയോഗിക്കാന്‍ തന്നോളൂ, ആവശ്യമായ അനുമതി എടുത്ത് ഞാന്‍ ഉപയോഗിച്ചോളാം.
മാധ്യമ പ്രവര്‍ത്തകരോടും പൊതു സമൂഹത്തോടും ഉള്ള അഭ്യര്‍ത്ഥന എന്തെന്നാല്‍,
നിങ്ങള്‍ എന്റെ പിന്നാലെ തന്നെ ഉണ്ടായിക്കോളൂ; നിങ്ങള്‍ നിരന്തരം ഓഡിറ്റും ചെയ്യണം. ഇത് പോലെയുള്ള കാര്യങ്ങളെ പറ്റി അല്ല.

പകരം, എന്നെ ഭക്ഷണം തന്നു സ്‌നേഹിക്കുന്ന, താമസിക്കാന്‍ ഇടം തന്നു സഹായിക്കുന്ന, വാഹനം തരുന്ന എന്റെ സൗഹൃദങ്ങള്‍, ആ സൗഹൃദങ്ങളുടെ പേരില്‍ ഈ ഭരണ സംവിധാനത്തില്‍ നിന്നും എന്തെങ്കിലും അവിഹിതമായി ആരെങ്കിലും നേടുന്നുണ്ടോ എന്ന് നിങ്ങള്‍ അന്വേഷിക്കണം. അങ്ങിനെ എന്തെങ്കിലു കണ്ടാല്‍ എന്നോടും പൊതു സമൂഹത്തോടും ഒരു മടിയുമില്ലാതെ വിളിച്ചു പറയണം.
ഇനി ഞാന്‍ തന്നെ അത്തരം സൗഹൃദങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും അവിഹിതമായി ചെയ്യുന്നു എന്ന് നിങ്ങള്‍ കണ്ടാല്‍ ഒരു ദയയും കാണിക്കരുത്; എന്നെ പൊളിച്ചടുക്കണം.
പിന്നെ സി പി എം സൈബര്‍ പോരാളികളോടും,വീട്ടിലിരിക്കുന്ന മുന്‍ മന്ത്രിമാരോടും എന്റെ സ്ഥിരം 'അഭ്യൂദയ കാംക്ഷി' കളോടും,
നിങ്ങളെയൊന്നും ഇത് വരെ പേടിച്ചിട്ടുമില്ല, ഇനിയൊട്ട് പേടിക്കാന്‍ തീരുമാനിച്ചിട്ടുമില്ല
തടയല്‍ ഭീഷണിയുമായി യുദ്ധഭൂമിയില്‍ ഇറങ്ങിയ ടീമിനോട് പറയാന്‍ ഉള്ളത്.
ഞാന്‍ സഞ്ചരിക്കുന്ന ഏത് വാഹനവും നിയമപരമായി നിരത്തില്‍ ഇറക്കാന്‍ അര്‍ഹതയുള്ളത് ആണെങ്കില്‍ അത് ഓടുക തന്നെ ചെയ്യും.
തടയാന്‍ എന്റെ വാഹനത്തില്‍ 'വ്യാജവാഴക്കുല' ഇല്ലല്ലോ.
Note The Point
ഇന്ന് രാവിലെ.11.30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.
അതുവരെ ഗുഡ്‌നൈറ്റ്

Tags

Share this story