ഇതാ കിട്ടിപ്പോയി എന്ന് ഉത്തരവാദിത്തപ്പെട്ട കേന്ദ്ര ഏജൻസി നിരന്തരം പറയുന്നു, പക്ഷേ ഒന്നുമില്ല: ഇ.ഡിയെ പരിഹസിച്ച് പിണറായി വിജയൻ
ആലപ്പുഴ: സിപിഐഎമ്മിനെ കളങ്കപ്പെടുത്താൻ എതിരാളികൾ ശ്രമിക്കുന്നുവെന്ന് പൊളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. പാർട്ടിയുടെ വിശ്വാസ്യത തകർക്കാനാവില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. പാർട്ടിക്കൊപ്പം ഉണ്ടായിരുന്നവരെ വിലയ്ക്ക് എടുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും കാലം മാറി വന്നപ്പോൾ ചിലരെ സ്വാധീനിക്കാൻ ആയെന്നും അവർ പാർട്ടിയെ വഞ്ചിച്ച് എതിരാളികൾക്ക് ആയുധമായി മാറിയെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. പാർട്ടിയെ ക്ഷീണിപ്പിക്കാൻ ഇത് കൊണ്ടെന്നും കഴിയില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. പരവതാനി വിരിച്ച് അതിലൂടെ നടന്നു വളർന്നുവന്ന പാർട്ടി അല്ല സിപിഐഎം. പുന്നപ്ര വയലാറിലൂടെ നടന്നു വന്ന പാർട്ടിയാണ്. ചരിത്രം എണ്ണിയെണ്ണി പറയാൻ ഓരോ സഖാക്കൾക്കും ഉണ്ടാവും എന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.
സിഎംആർഎൽ-എക്സാലോജിക് വിഷയത്തിലും പിണറായി വിജയൻ പ്രതികരിച്ചു. 'മകൾ വീണ കമ്പ്യൂട്ടർ മേഖലയിൽ ജോലി എടുക്കുന്ന ഒരു യുവതിയാണ്. പഠനം കഴിഞ്ഞ് ആദ്യം ചെയ്തത് ലോകത്തിലെ തന്നെ പ്രശസ്തമായ ഒറാക്കിൾ കമ്പനിയിലാണ്. വിവാഹമായപ്പോൾ ജോലിയിൽ തുടരാൻ പ്രയാസമായി. അങ്ങനെയാണ് അവിടെ നിന്ന് പിരിയുന്നത്. വിദേശത്ത് അടക്കം പോയി ജോലി എടുത്തിട്ടുണ്ട്. അങ്ങനെ ജോലിയിൽ തുടർന്നിരുന്നെങ്കിൽ വലിയ ശമ്പള നിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ടാവും. അതിന്റെ തുടർച്ചയായി സ്വന്തമായി ഒരു കമ്പനി ഉണ്ടാക്കാനുള്ള ശ്രമം നടത്തി. അങ്ങനെ പ്രവർത്തനം ആരംഭിച്ചു. അതിന്റെ സേവനം പലർക്കും നൽകാറുണ്ട്. പല സ്ഥാപനങ്ങൾക്കും നൽകാറുണ്ട്. ആ കൂട്ടത്തിലുള്ളതാണ് സിഎംആർഎൽ കമ്പനിയുമായിട്ടുള്ള വീണയുടെ കമ്പനിയുടെ ഇടപാടെ'ന്നും പിണറായി വിജയൻ വ്യക്തമാക്കി.
സിഎംആർഎൽ കമ്പനി പണം നൽകിയത് രേഖപ്രകാരമാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. വാങ്ങിയതിന്റെ കൃത്യമായ നികുതികളും അടച്ചിട്ടുണ്ട്. രേഖപ്രകാരം ഒരു കമ്പനിക്ക് നൽകിയ സേവനത്തിൻ്റെ ലഭിച്ച ശമ്പളമാണ് ഇപ്രകാരം വാങ്ങിയതെന്നും പിണറായി വിജയൻ വ്യക്തമാക്കി. ഇത് ഒരു ഘട്ടത്തിൽ ഒരു ആരോപണമായി ഉന്നയിക്കുകയാണ്.ഈ ഘട്ടത്തിൽ ഒന്നും മുഹമ്മദ് റിയാസ് വീണയുടെ ഭർത്താവ് അല്ല പിന്നീടാണ് ഭർത്താവായി വന്നതെന്നും പിണറായി വിജയൻ വ്യക്തമാക്കി. അങ്ങനെ വാങ്ങിയ പണം വീണ തനിക്ക് വേണ്ടി വാങ്ങിയതാണെന്നാണ് റിപ്പോർട്ട് എന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. ആ പണം വീണ റിയാസ് മുഖേന വിദേശത്തേക്ക് കടത്തി എന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. വർഷങ്ങൾക്ക് മുമ്പ് നൽകിയ സേവനത്തിന് വീണയുടെ കമ്പനിക്ക് ലഭിച്ച പണം വർഷങ്ങൾക്ക് ശേഷം ഭർത്താവായി വന്ന റിയാസിന് വേണ്ടി കാത്തുവെച്ചു എന്നാണ് ഇ ഡി പറയുന്നത്. മകൾക്ക് രേഖാമൂലം ഒരു കമ്പനിയിൽനിന്നും ലഭിച്ച പണത്തെപ്പറ്റിയാണ് ഈ പറയുന്നത്. എത്ര ലജ്ജാകരമായ നിലപാടാണ് ഇ ഡിയുടേതെന്നും പിണറായി വിജയൻ പരിഹസിച്ചു. ഇതാ കിട്ടി പോയി എന്നാണ് ഉത്തരവാദിത്തപ്പെട്ട ഒരു കേന്ദ്ര ഏജൻസി പറയുന്നതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
താൻ ജീവിച്ച ജീവിതം എങ്ങനെയാണെന്ന് ഈ നാട്ടിലെ ജനങ്ങൾക്ക് അറിയാമല്ലോ എന്നും പിണറായി വിജയൻ ചോദിച്ചു. നിങ്ങൾക്കുള്ള ദേഷ്യം, പക, വിദ്വേഷം എന്നിവ തീർക്കാൻ അച്ചുനിരത്തിയാൽ തകർന്ന് പോകുന്നത് അല്ല തന്റെ വ്യക്തിജീവിതം എന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
