മുൻ സർക്കാരിനെ ഒഴുക്കിക്കളഞ്ഞത് ആശാമാരുടെ കണ്ണീരിന്റെ പുഴ; ഇത് അവഗണനയ്ക്കുള്ള മറുപടി: പ്രേംകുമാർ

Asha waroker

മുൻ സർക്കാരിനെ ഒഴുക്കിക്കളഞ്ഞത് ആശമാരുടെ കണ്ണീരിന്റെ പുഴ ആണെന്ന് നടൻ പ്രേംകുമാര്‍. സെക്രട്ടേറിയറ്റിന് മുന്നില്‍ ആശമാര്‍ നടത്തിയ ‘ആശാകേരളം വിജയപാതയില്‍’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രേംകുമാര്‍. ആശാ സമരത്തെ കണ്ടില്ലെന്ന് നടിച്ചവർക്കുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും പ്രേംകുമാര്‍ പറഞ്ഞു.

ആശാ സമരത്തെ പിന്തുണച്ചതിനുന് പിന്നാലെയായിരുന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം പ്രേംകുമാറിന് നഷ്ടപ്പെടുന്നത്. ഇടത് സഹയാത്രികൻ ആയിരുന്നപ്പോൾ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പെടെ ഉത്തരവാദപ്പെട്ട പലരോടും ആശാ സമരം ഒത്തുതീർപ്പാക്കാൻ നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു. എന്നാൽ അതു പരിഗണിക്കപ്പെട്ടില്ല. സ്ഥാനമാനങ്ങൾ വേണ്ടിയിരുന്നെങ്കിൽ പലരെയും പോലെ മിണ്ടാതിരിക്കാമായിരുന്നു. എന്നാൽ ധാർമികത മൂലം അതിന് കഴിഞ്ഞില്ലെന്നും പറയാനുള്ളത് ഇനിയും പറഞ്ഞുകൊണ്ടിരിക്കുമെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു.

അതേസമയം സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് ആശമാരാണ് മാസങ്ങൾ നീണ്ട സമരത്തിൻ്റെ ഓർമകളുമായി ഇന്നു വീണ്ടും സെക്രട്ടേറിയറ്റിനു മുന്നിലെത്തിയത്. പായസം വച്ചും മധുരം വിളമ്പിയും പരസ്പ‌രം കുശലം പറഞ്ഞുമാണ് ആശമാർ സന്തോഷം പങ്കുവച്ചത്. ഓണറേറിയം വർധിപ്പിച്ച യുഡിഎഫ് സർക്കാരിന് ആശമാർ നന്ദി പറഞ്ഞു. മൂവായിരം രൂപ കൂട്ടിയതിൽ വലിയ സന്തോഷമെന്നും ഒന്നും തരാതിരുന്നതല്ലേ എന്നും ആശമാർ പറഞ്ഞു.

Tags

Share this story