കോഴിക്കോട് ബീച്ചിൽ കടൽ 200 മീറ്ററോളം ഉൾവലിഞ്ഞു; കള്ളക്കടൽ പ്രതിഭാസമെന്ന് സൂചന

beach

കോഴിക്കോട് സൗത്ത് ബീച്ച് ഭാഗത്ത് കടൽ വലിയ രീതിയിൽ ഉൾവലിഞ്ഞു. സ്റ്റാർബക്സിന് സമീപം ഏകദേശം 200 മീറ്ററിലധികം ദൂരത്തേക്കാണ് കടൽ ഉൾവലിഞ്ഞത്. ഇന്നലെ രാവിലെയും സമാനമായ പ്രതിഭാസം കണ്ടിരുന്നെങ്കിലും പിന്നീട് പൂർവ്വസ്ഥിതി പ്രാപിച്ചിരുന്നു. രാത്രിയോടെ വീണ്ടും കടൽ ഉൾവലിഞ്ഞത് ജനങ്ങളിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. 

ഇന്നലെ വൈകിട്ടോടുകൂടിയാണ് ഈ പ്രതിഭാസം കണ്ടുതുടങ്ങിയതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഉൾവലിഞ്ഞ ഭാഗം പൂർണമായും ചളിയാണ്. രണ്ട് മാസം മുൻപും കോഴിക്കോട് തീരത്ത് ചെറിയ തോതിൽ സമാനമായ പ്രതിഭാസം റിപ്പോർട്ട് ചെയ്തിരുന്നു. 
ഇത് സ്വാഭാവിക പ്രതിഭാസമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 

ഔദ്യോഗികമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെയോ ബന്ധപ്പെട്ട വകുപ്പുകളുടെയോ മുന്നറിയിപ്പുകളോ വിശദീകരണങ്ങളോ ഇതുവരെ ലഭിച്ചിട്ടില്ല. കള്ളക്കടൽ പ്രതിഭാസമാണ് സംഭവിച്ചതെന്നാണ് സൂചന.
 

Tags

Share this story