ബാലമുരുകനായി തെരച്ചിൽ വ്യാപകം; രക്ഷപ്പെടാൻ തമിഴ്‌നാട് പോലീസ് സഹായിച്ചോയെന്നും സംശയം
                                                തൃശൂർ വിയ്യൂർ ജയിലിലേക്ക് എത്തിക്കുന്നതിനിടെ, തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകനായി വ്യാപക തിരച്ചിൽ. 53 കേസുകളിൽ പ്രതിയായ ബാലമുരുകൻ വിയ്യൂർ ജയിൽപരിസരത്ത് തന്നെയുണ്ടാകുമെന്ന നിഗമനത്തിലാണ് കേരളാ പോലീസ്. പ്രതി രക്ഷപെട്ടത് തമിഴ്‌നാട് പൊലീസ് സഹായത്തോടെയാണോ എന്ന സംശയവും ഉയരുന്നു.
തമിഴ്‌നാട് പൊലീസ് സംഘം മദ്യപിച്ചിരുന്നോയെന്നും സംശയിക്കുന്നുണ്ട്. ആലത്തൂരിൽ നിന്ന് ഭക്ഷണം വാങ്ങി നൽകിയ ശേഷം പ്രതിയുടെ കൈവിലങ്ങ് മാറ്റിയിരുന്നെന്ന് തമിഴ്‌നാട് പോലീസ് പറയുന്നു. വിയ്യൂർ ജയിലിന് സമീപം മൂത്രമൊഴിക്കാനായി വാഹനം നിർത്തി. ഇതിനിടയിൽ ബാലമുരുകൻ ജയിൽ വളപ്പിലേക്ക് എടുത്തുചാടിയെന്നാണ് തമിഴ്‌നാട് പോലീസിന്റെ മൊഴി
തെരഞ്ഞിട്ടും കിട്ടാതായതോടെയാണ് ലോക്കൽ പോലീസിനെ വിവരം അറിയിച്ചത്. ബാലമുരുകന്റെ ചെരുപ്പ് ജയിൽ വളപ്പിൽ നിന്ന് കണ്ടെത്തി. ബാലമുരുകൻ അധികദൂരത്തിലേക്ക് യാത്ര ചെയ്തിട്ടുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് പോലീസ്. വിയ്യൂർ ജയിലിന്റെ പരിസരപ്രദേശങ്ങളിൽ വ്യാപക തെരച്ചിൽ നടക്കുകയാണ്.
  
