മുതലപ്പൊഴിയിൽ ഷിജിനായുള്ള തിരച്ചിൽ ഒമ്പതാം നാളും ഫലം കണ്ടില്ല

മുതലപ്പൊഴി

മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളി ഷിജിനായുള്ള തിരച്ചിൽ ഒൻപതാം നാളും ഫലം കണ്ടില്ല. സ്കൂബ ടീമിനെ എത്തിക്കാൻ വൈകിയതും പ്രതികൂല കാലാവസ്ഥയും തിരച്ചിലിന് തിരിച്ചടിയായിരാവിലെ 5.45ന് തിരച്ചിൽ ആരംഭിക്കുമെന്നായിരുന്നു മന്ത്രി സി.പി. ജോണിന്റെ ഉറപ്പ്. എന്നാൽ സ്കൂബ സംഘം എത്തിയത് പത്ത് മണിക്ക് ശേഷമാണ്. ഇതോടെ മുതലപ്പൊഴിയിൽ വീണ്ടും പ്രതിഷേധമുയർന്നു.

രാവിലെ പത്ത് മണിയോടെയാണ് തിരച്ചിലിനായി എത്തേണ്ട സ്കൂബ സംഘത്തിന് വിവരം ലഭിച്ചതെന്നാണ് സംഘാംഗങ്ങളുടെ പ്രതികരണം. തിരച്ചിൽ ആരംഭിച്ചെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടർന്ന് ദൗത്യം അവസാനിപ്പിച്ചു.കുടുംബത്തിന്റെ വേദന ഉൾക്കൊള്ളുന്നുവെന്നും മനുഷ്യസാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി സി.പി. ജോൺ വ്യക്തമാക്കി.

മുതലപ്പൊഴിയില്‍ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ഒമ്പത് ദിവസം പിന്നിടുമ്പോഴാണ് സംഭവസ്ഥത്ത് സ്കൂബ സംഘം എത്തുന്നത്. തിരച്ചിലിന് കാര്യക്ഷമമായ നടപടി വൈകുന്നതില്‍ മത്സത്തൊഴിലാളികളുടെ കുടുംബവും നാട്ടുകാരും വ്യാപക പ്രതിഷേധം നടത്തിയിരുന്നു. അഞ്ചുതെങ്ങിൽ നിന്ന് കാണാതായ ഷിജിന്റെ ഭാര്യയും മക്കളും നാട്ടുകാരും കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഷിജിനെ കണ്ടെത്തുമെന്ന് വാക്ക് മാത്രം പോര അത് നടപ്പാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ വിഷയത്തില്‍ തിരച്ചില്‍ നടക്കുന്നുണ്ടെന്ന് മാത്രം പറഞ്ഞ് ഒഴിഞ്ഞ ഫിഷറീസ് മന്ത്രിയുടെ നിലപാടില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

Tags

Share this story