മുതലപ്പൊഴിയിൽ കാണാതായ ഷിജിനായി നാളെയും തിരച്ചിൽ തുടരും; ചുമതല പൂർത്തിയാകും വരെ തീരത്തുണ്ടാകുമെന്ന് മന്ത്രി സി.പി. ജോൺ

മുതല

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ കാണാതായ ഷിജിന് വേണ്ടിയുള്ള അന്വേഷണം നിര്‍ത്തിവയ്ക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി സി പി ജോണ്‍. ഇത് സംബന്ധിച്ച വിവരങ്ങള്‍ കുടുംബത്തെ ബോധ്യപ്പെടുത്തിയെന്നും അന്വേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പരിചയസമ്പത്തുള്ള 10 മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാകും. ഷിജിനെ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ എന്നും മന്ത്രി പറഞ്ഞു.

മുതലപ്പൊഴിയിലെ കല്ലിടലില്‍ മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം തേടും. മുഖ്യമന്ത്രിയാണ് തന്നെ ഈ ദൗത്യം ഏല്‍പ്പിച്ചത്. ഷിജിന്റെ കാര്യം മാത്രമല്ല ഇനി ഒരാളും അപകടത്തില്‍ പെടരുതെന്നും വളരെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നതെന്നും മന്ത്രി പറഞ്ഞു. നാളെ പുലര്‍ച്ചെ വീണ്ടും തിരച്ചില്‍ തുടരുമെന്ന് പറഞ്ഞ അദ്ദേഹം താന്‍ ചുമതല പൂര്‍ത്തിയാക്കും വരെ തീരത്ത് ഉണ്ടാകുമെന്നും വ്യക്തമാക്കി. ഷിജിന്റെ ഭാര്യയുമായി മണിക്കൂറുകളോളമാണ് മന്ത്രി ചര്‍ച്ച നടത്തിയത്.

അതേസമയം കുടുംബവുമായി സംസാരിച്ച് പുറത്തിറങ്ങിയ മന്ത്രിക്കെതിരെ വീണ്ടു പ്രതിഷേധമുണ്ടായി. മന്ത്രി ആവശ്യങ്ങള്‍ കേട്ടില്ലെന്നാണ് പ്രതിഷേധക്കാര്‍ ആരോപിച്ചത്. പൊലീസുമായും പ്രതിഷേധക്കാരുടെ വാക്കേറ്റമുണ്ടായി. മന്ത്രി സിപി ജോണിനെ പ്രതിഷേധക്കാര്‍ തടഞ്ഞു വെച്ചിരുന്നു. എന്നാല്‍ മന്ത്രിയുമായുള്ള ചര്‍ച്ച തൃപ്തികരം ആണെന്നാണ് ഷിജിന്റെ ഭാര്യ സ്റ്റിജി പറഞ്ഞത്. കാര്യക്ഷമമായ തിരച്ചില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നെന്ന് പറഞ്ഞ അവര്‍ വാക്ക് പാലിച്ചില്ലെങ്കില്‍ വീണ്ടും പ്രതിഷേധം ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.

അഞ്ചുതെങ്ങില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ഷിജിനെ കാണാതായിട്ട് എട്ട് ദിവസം പിന്നിടുകയാണ്. തിരച്ചിലിന് കാര്യക്ഷമമായ നടപടി വൈകുന്നതില്‍ കുടുംബം കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഷിജിന്റെ ഭാര്യയും മക്കളും ഉള്‍പ്പടെ കോസ്റ്റല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഷിജിനെ കണ്ടെത്തുമെന്ന് വാക്ക് മാത്രം പോര അത് നടപ്പാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ വിഷയത്തില്‍ തിരച്ചില്‍ നടക്കുന്നുണ്ടെന്ന് മാത്രം പറഞ്ഞ് ഒഴിഞ്ഞ ഫിഷറീസ് മന്ത്രിയുടെ നിലപാടില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. പിന്നാലെ മന്ത്രി പത്രക്കുറിപ്പ് ഇറക്കി. ഒടുവില്‍ മന്ത്രി സി പി ജോണ്‍ സ്ഥലത്തെത്തുമെന്ന് സര്‍ക്കാര്‍ പറഞ്ഞതിന് ശേഷമാണ് കുടുംബം പ്രതിഷേധം അവസാനിപ്പിച്ചത്.

Tags

Share this story