പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ സെക്രട്ടേറിയറ്റ് വളയും; സമരം കടുപ്പിക്കാന്‍ യുഡിഎഫ്

VS

സംസ്ഥാന സർക്കാരിനെതിരായ സമരം കടുപ്പിക്കാനൊരുങ്ങി യുഡിഎഫ്. സെക്രട്ടേറിറ്റ് വളയൽ ഉൾപ്പെടെ വിവിധ സമര പരിപാടികളാണ് സർക്കാരിനെതിരെ ആസൂത്രണം ചെയ്തത്. സർക്കാരിൻറെ രണ്ടാം വാർഷികമായ മെയ് മാസത്തിലാകും യുഡിഎഫ് സെക്രട്ടേറിയറ്റ് വളയുക. ഇതുൾപ്പെടെ ഉള്ള വിവിധ സമര പരിപാടികൾ യുഡിഎഫ് നാളെ പ്രഖ്യാപിക്കും.

ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച തീരുമാനമായത്. യുഡിഎഫ് യോഗം എല്ലാ മാസവും ചേരാനും തീരുമാനമായി. മുന്നണി യോഗം ചേരാൻ കാലതാമസം ഉണ്ടാവുന്നുവെന്ന ആർഎസ്പിയുടെ വിമർശനം പരിഗണിച്ചാണ് തീരുമാനം. നിയമസഭയിൽ സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താൻ കഴിഞ്ഞുവെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. സർക്കാരാണ് സഭാ സമ്മേളനത്തിൽ നിന്ന് ഒളിച്ചോടിയതെന്നും യോഗം വിലയിരുത്തി.

നിയമസഭയ്ക്കുള്ളിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സമ്മേളനം വെട്ടിച്ചുരുക്കാനുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ചു. സഭ ഈ മാസം 30 വരെ ചേരാനുള്ള കാര്യോപദേശക സമിതി തീരുമാനം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. പ്രതിപക്ഷം നിയമസഭയില്‍ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Share this story