സർവീസ് റോഡ് തകർന്നു; പാലിയേക്കര ടോൾ പിരിവ് നിരോധനം വ്യാഴാഴ്ച വരെ നീട്ടി

പാലിയേക്കരയിലെ ടോൾ പിരിവ് തുടരുന്നത് സംബന്ധിച്ച വിധി പറയുന്നത് ഹൈക്കോടതി മാറ്റിവെച്ചു. കേസിൽ വ്യാഴാഴ്ച വിധി പറയാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ ടോൾ പിരിവ് നിരോധനം വ്യാഴാഴ്ച വരെ തുടരും. മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്ന് ഗതാഗതം താറുമാറായ കാര്യം ജില്ലാ കലക്ടർ ചൂണ്ടിക്കാട്ടിയതോടെയാണ് വിധി പറയുന്നത് മാറ്റിവെച്ചത്
ഹൈക്കോടതി നിലപാടിനെ കരാറുകാരും ദേശീയപാത അതോറിറ്റിയും എതിർത്തെങ്കിലും കോടതി വഴങ്ങിയില്ല. ഇടപ്പള്ളി-മണ്ണൂത്തി ദേശീപാതയിലെ നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് ഗതാഗത കുരുക്ക് ഉണ്ടാകുന്നത് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 6 മുതലാണ് പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞത്
മുരിങ്ങൂരിൽ എറണാകുളം ഭാഗത്തുള്ള സർവീസ് റോഡ് ഇടിഞ്ഞത് ഇന്ന് കലക്ടർ ചൂണ്ടിക്കാട്ടുകയായിരുന്നു. നിർമാണവുമായി ബന്ധപ്പെട്ട് കുഴിയെടുക്കുന്നതിനിടെയാണ് സംഭവം. എന്നാൽ ഇത്തരം ചെറിയ തടസങ്ങളുടെ പേരിൽ ടോൾ പിരിവ് തടയുന്നത് ശരിയല്ലെന്ന് ദേശീയപാത അതോറിറ്റി വാദിച്ചു. എന്നാൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടിന്റെ കാര്യമോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.