കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളി, ഇന്നലെ രാത്രി വീട്ടിലെത്തി; പിന്നാലെ തർക്കവും കൊലപാതകവും
കൊച്ചി തേവര കോന്തുരുത്തിയിൽ ചാക്കിൽ കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ടത് ലൈംഗിക തൊഴിലാളിയാണെന്നാണ് ജോർജിന്റെ മൊഴി. കൊല്ലപ്പെട്ട സ്ത്രീയെ ഇന്നലെ രാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.
വീട്ടിൽ എത്തിയ ശേഷം ഇരുവരും തമ്മിൽ സാമ്പത്തിക തർക്കമുണ്ടായി. തർക്കത്തിനൊടുവിൽ ചുറ്റികയെടുത്ത് യുവതിയുടെ തലയ്ക്കടിച്ചു കൊന്നു. മൃതദേഹം ഉപേക്ഷിക്കാനായിരുന്നു പദ്ധതി. പക്ഷേ കുടിച്ച് പൂസായതിനാൽ ഇതിന് സാധിച്ചില്ല. വലിച്ച് റോഡിലെത്തിയപ്പോഴേക്കും ജോർജ് തളർന്നു. കൊല്ലപ്പെട്ട യുവതി എറണാകുളം സ്വദേശിനിയെന്നാണ് വിവരം
ഇന്ന് പുലർച്ചെയോടെ ജോർജ് സമീപത്തെ വീടുകളിലും കടകളിലും ചാക്ക് തിരക്കി ചെന്നിരുന്നു. രാവിലെയോടെ ഹരിത കർമ സേനാംഗങ്ങളാണ് വഴിയിൽ മൃതദേഹവും സമീപത്ത് ജോർജിനെയും കണ്ടത്. പിന്നാലെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
