സെക്രട്ടേറിയറ്റിലെ ഫയലുകൾ മുക്കിയത് അന്വേഷിക്കും

Kerala Gov File New

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സെക്രട്ടേറിയറ്റിലെ ഫയലുകൾ കൂട്ടത്തോടെ നശിപ്പിക്കുകയും കടത്തുകയും ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം വന്നേക്കും. പുതിയ സർക്കാർ അധികാരമേൽക്കുന്നതോടെ സംഭവത്തിൽ അന്വേഷണം വേണമെന്ന നിലപാടിലാണ് യുഡിഎഫ് അനുകൂല സർവീസ് സംഘടനകൾ. അധികാരമൊഴിയും മുമ്പുള്ള ഫയൽ 'നശിപ്പിക്കൽ' ചട്ടവിരുദ്ധമാണെന്ന് മുൻ ചീഫ്സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നു.

ഫയൽ നശിപ്പിക്കുന്നതിന് കൃത്യമായ നടപടിക്രമമുണ്ട്. ഓരോ ഫയലും എത്രകാലം സൂക്ഷിക്കണമെന്ന് സമയക്രമവും ചട്ടവുമുണ്ട്. ഇത് പാലിക്കാതെ ഭരണമൊഴിയും മുമ്പ് കൂട്ടത്തോടെ ഫയൽ നശിപ്പിക്കുന്നതും നീക്കം ചെയ്യുന്നതും സംശയകരമാണെന്ന് അവർ പറയുന്നു. ചീഫ് സെക്രട്ടറിക്കും വകുപ്പു സെക്രട്ടറിമാർക്കുമാണ് ഫയൽ സൂക്ഷിക്കുന്നതിന്‍റെ ചുമതല. ചട്ടപ്രകാരമുള്ള സമയക്രമം പാലിച്ചാണോ നശിപ്പിക്കൽ എന്ന് പരിശോധിക്കും.

സെക്രട്ടേറിയറ്റിൽ ഫയലുകൾ കൂട്ടത്തോടെ നശിപ്പിക്കുന്നെന്ന ആക്ഷേപം തുടരുന്നതിനിടെ മന്ത്രിമാരുടെ ഓഫിസുകളിൽ നിന്ന് പേഴ്സനൽ സ്റ്റാഫുകൾ ഫയലുകൾ നീക്കുന്നതും തുടർന്നതായി ചൂണ്ടിക്കാട്ടുന്നു. ഉന്നത വിദ്യാഭ്യാസം, മൃഗസംരക്ഷണം, പൊതുമരാമത്ത്, കൃഷി, പൊതുവിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകളുടെ മന്ത്രിമാരുടെ ഓഫിസുകൾ പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റ് അനക്സ് രണ്ടിൽ നിന്നു കൂട്ടത്തോടെ ഫയലുകൾ വാഹനങ്ങളിൽ കൊണ്ടുപോയെന്നാണ് ജീവനക്കാരുടെ ആരോപണം.

മുഖ്യമന്ത്രിയുടെ ഓഫിസ് ഉൾപ്പെടെ പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റ് മന്ദിരത്തിൽ നിന്നുള്ള ഫയലുകൾ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ മാറ്റുകയും കുറേയെറെ ഫയലുകൾ കഴിഞ്ഞ ദിവസങ്ങളിലായി നശിപ്പിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഫയലുകൾ മാറ്റുന്നത് തുടരുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതിനു ശേഷം മുൻതീയതി രേഖപ്പെടുത്തി ഒട്ടേറെ ഉത്തരവുകൾ സർക്കാർ പുറപ്പെടുവിച്ചിരുന്നു.

ഇ-ഓഫിസ് സംവിധാനം ഒഴിവാക്കിയാണ് ഇതിനുള്ള ഫയൽ നീക്കങ്ങൾ നടത്തിയത്. ഇ ഓഫിസ് വഴി ഫയൽ നീക്കിയാൽ ഡിജിറ്റൽ ഒപ്പിൽ മുൻ തീയതി രേഖപ്പെടുത്താൻ കഴിയാത്തതിനാലാണ് കടലാസ് ഫയലുകൾ സൃഷ്ടിച്ചതെന്ന ആക്ഷേപവും നിലവിലുണ്ട്. എല്ലാ ആക്ഷേപങ്ങളും അന്വേഷിക്കണമെന്നാണ് സർവീസ് സംഘടനകളുടെ ആവശ്യം. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പുതിയ സർക്കാരാണ്.

Tags

Share this story