വ്യാപാരമേഖല പ്രതിസന്ധിയിൽ; വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കുന്ന സർക്കാർ നയങ്ങൾ തിരുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. വിഷയം ചൂണ്ടിക്കാട്ടി സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്നു സമിതി ഭാരവാഹികൾ. കൊവിഡിന് ശേഷം വ്യാപാരമേഖല തിരിച്ചു വരവിന് ശ്രമിക്കുമ്പോൾ ഓൺലൈൻ വ്യാപാര കടന്നു കയറ്റവും സംസ്ഥാന സർക്കാർ നിലപാടുകളും തിരിച്ചടിയാകുകയാണ്. പത്തര ലക്ഷത്തിലധികം പേർ പ്രവർത്തിക്കുന്ന വ്യാപാര മേഖലയെ സംരക്ഷിക്കാൻ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പോരാട്ടം നടത്തുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സര വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇതിന്‍റെ തുടക്കമായി 29 മുതൽ രാജു അപ്സര ക്യാപ്റ്റനായ വ്യാപാര സംരക്ഷണ യാത്ര കാസർഗോഡ് നിന്ന് ആരംഭിക്കും. രാവിലെ 10ന് സംസ്ഥാന വൈസ് പ്രസിഡന്‍റ് പെരിങ്ങമല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്ന യാത്രയിൽ ഏകോപന സമിതി, സംഘടനയുടെ യുവ- വനിതാ വിഭാഗം എന്നിവയുടെ സംസ്ഥാന ഭാരവാഹികൾ ജാഥയിൽ അണി നിരക്കും. 14 ജില്ലകളിലും പര്യടനം നടത്തി ഫെബ്രുവരി 13 ന് തലസ്ഥാനത്ത് പുത്തരിക്കണ്ടം മൈതാനിയിൽ യാത്ര സമാപിക്കും. 23 ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന യാത്രയിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും 5 ലക്ഷത്തിലധികം അംഗങ്ങളിൽ നിന്നും ഒപ്പിട്ട് ശേഖരിച്ച നിവേദനം , 13 ന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും.

വാർത്താ സമ്മേളനത്തിൽ വർക്കിങ് പ്രസി‍ഡന്‍റ് കുഞ്ഞാവു ഹാജി, ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി,വൈസ് പ്രസിഡന്റ് അബ്ദുൽ ഹമീദ്, സംസ്ഥാന സെക്രട്ടറി ബാബു കോട്ടയിൽ, ട്രഷറർ ദേവരാജൻ, വൈസ് പ്രസിഡന്‍റ് പെരിങ്ങമല രാമചന്ദ്രൻ, സംസ്ഥാന ഭാരവാഹികളായ അഹമ്മദ് ഷെരീഫ്, വാസു ദേവൻ, ബാപ്പു ഹാജി,അഡ്വ എ. ജെ റിയാസ്, തിരുവനന്തപുരം ജില്ലാ നേതാക്കളായ വൈ വിജയൻ ധനീഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Share this story