തണ്ണീര്‍ക്കൊമ്പനെ മയക്കുവെടിവച്ചു; രണ്ടാം ഘട്ട ഒരുക്കങ്ങൾ തുടങ്ങി: ഇനിയുള്ള നിമിഷങ്ങൾ നിർണായകം

Vayanad

വയനാട് മാനന്തവാടിയിൽ 12 മണിക്കൂർ നാടിനെ നടുക്കിയ കാട്ടാനയെ മയക്കുവെടി വച്ചു. ഒന്നര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ദൗത്യസംഘത്തിന് ആനയെ മയക്കുവെടി വയ്ക്കാൻ സാധിച്ചത്. തണ്ണീർ കൊമ്പന്റെ പിൻകാലിന് മുകളിലാണ് മയക്കുവെടിയേറ്റത്. ശ്രമം വിജയകരമായിയെന്നും ആന മയങ്ങിതുടങ്ങിയെന്നും ദൗത്യസംഘം മാധ്യമങ്ങളോട് പറഞ്ഞു.

അനങ്ങാന്‍ കഴിയാതെ നിലയുറപ്പിച്ചിരിക്കുന്ന കൊമ്പൻ പൂര്‍ണമായി മയങ്ങി കഴിഞ്ഞാല്‍ മൂന്ന് കുങ്കിയാനകളും ചേര്‍ന്ന എലിഫന്‍റ് ആംബുലന്‍സിലേക്ക് കയറ്റും. കര്‍ണാടക വനമേഖലയില്‍ നിന്നും വയനാട്ടിലെത്തിയ തണ്ണീർ കൊമ്പന് 20 വയസിന് താഴെ പ്രായമുണ്ട്. കഴിഞ്ഞ മാസം 16ന് ഹാസൻ ഡിവിഷനിൽ വച്ച് മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ വിട്ടിരുന്നു.

പതിവായി കാപ്പിതോട്ടത്തിൽ ഇറങ്ങി ഭീതി പരത്തിയിരുന്നെങ്കിലും തണ്ണീർ കൊമ്പൻ ഇതുവരെ ആരെയും ഉപദ്രവിച്ചതായി റിപ്പോർട്ടുകളില്ല. എന്നാൽ നേരത്തേയും ഹാസന്‍ ഡിവിഷനിലെ ജനവാസ മേഖലയില്‍ പതിവായി എത്തി ഭീതിപരത്തിയിരുന്നു.

Share this story