യുഡിഎഫിനെ വഴിയമ്പലമായി നോക്കിക്കാണാൻ കഴിയില്ല; പിവി അൻവർ മാന്യത പാലിക്കണമെന്നും മുല്ലപ്പള്ളി
മുന്നണി വിപുലീകരണവുമായി പോകുന്ന യുഡിഎഫിന് മുന്നറിയിപ്പുമായി കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അവസര സേവകൻമാരുടെ അവസാന അഭയ കേന്ദ്രമായി യുഡിഎഫ് മാറരുത്. യുഡിഎഫിനെ വഴിയമ്പലമായി നോക്കിക്കാണാൻ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഘടകകക്ഷിയായി പ്രവർത്തിക്കുമ്പോൾ പിവി അൻവർ മാന്യതയോടെ പോകണം. വിഷ്ണുപുരം ചന്ദ്രശേഖരന്റെ പാർട്ടിയെ കുറിച്ച് തനിക്കറിയില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി
എല്ലാവരെയും മുന്നണിയിലേക്ക് കൊണ്ടുവരിക എന്നു പറഞ്ഞാൽ അതിന് പ്രയാസമുണ്ട്. എല്ലാവർക്കും എംഎൽഎ സ്ഥാനം വേണമെന്ന് പറഞ്ഞാൽ അതും അംഗീകരിക്കാൻ പ്രയാസമുണ്ട്. അതുകൊണ്ട് ഒരിക്കലും ഒരു വഴിയമ്പലമായി ഐക്യജനാധിപത്യ മുന്നണിയെ നോക്കി കാണാൻ സാധ്യമല്ലയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
പി വി അൻവർ അൽപം സംയമനം പാലിക്കണം. അത് എവിടെയായാലും. മുന്നണിയിലായാലും പാർട്ടിയിൽ ആയാലും അച്ചടക്കത്തിന് വിരുദ്ധമായി സംസാരിക്കുന്നതും പരസ്യപ്രസ്താവന നടത്തുന്നതും ഗുണകരമാവില്ല. അവസരസേവകന്മാരുടെ അവസാന അഭയ കേന്ദ്രമായി യുഡിഎഫ് മാറുന്നതിനോട് തനിക്ക് യോജിപ്പില്ല. ഐക്യ ജനാധിപത്യമുന്നണിയുടെ നിലപാടുകളുമായി യോജിക്കുന്നവരെ മാത്രമെ മുന്നണിയിൽ ഉൾപ്പെടുത്താവു.
