പാതാള തവളയെ സംസ്ഥാന തവളയാക്കില്ല; ശുപാർശ തള്ളി മുഖ്യമന്ത്രി

Kerala

തിരുവനന്തപുരം: അപൂർവ്വയിനത്തിൽ പെട്ട പാതാള തവളയെ സംസ്ഥാന തവളയാക്കി മാറ്റണമെന്ന ശുപാർശ തള്ളി സംസ്ഥാന വന്യജീവി ബോർഡ് യോഗം. മുഖ്യമന്ത്രിയാണ് ഇത്  അംഗീകരിക്കാനാവില്ലെന്ന നിലപാട് സ്വീകരിച്ചത്. ആരും കാണാത്തൊരു തവളയെ എങ്ങനെയാണ് സംസ്ഥാന തവളയാക്കി മാറ്റുന്നത്  എന്നായിരുന്നു മുഖ്യമന്ത്രി അടക്കമുള്ളവരുടെ ചോദ്യം.

 ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ശുപാർശ വച്ചത്. പശ്ചിമഘട്ടത്തിൽ അപൂർവ്വമായി മാത്രം കാണുന്ന തവളയെ കേരളത്തിന്‍റെ ഔദ്യോഗിക തവളയായി പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം. തിനെ പിഗ്നോസ് തവളയെന്നും, പന്നിമൂക്കൻ തവളയെന്നും ഒക്കെ വിളിക്കാറുണ്ട്. 

സർവകലാശാല പ്രൊഫസറായ എസ്‍ഡി ബിജുവും, ബ്രസൽസ് ഫ്രീ യൂണിവേഴ്സിറ്റിയിലെ ഫ്രാങ്കി ബൊസ്യൂടുമാണ് 2003 -ൽ ഇടുക്കി ജില്ലയിൽ ഈ തവളയെ കണ്ടെത്തിയത്. ഇത് അപൂർവമായ ഇനമാണെന്ന് മാത്രമല്ല, അതുല്യമായ ഉഭയജീവികളിൽ ഒന്നാണെന്നും ബിജു വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഇതിനെ സംസ്ഥാന തവളയാക്കണമെന്ന ആവശ്യം ഉയർന്നത്. 

എന്താണ് പാതാള തവള

ഏകദ്ദേശം 7 സെന്‍റീമീറ്ററോളം നീളമുള്ള തവളയിനത്തിൽ പെടുന്ന ജീവിയാണ് പാതാള തവള അഥവാ പന്നിമൂക്കൻ തവള. ഇവരുടെ ജീവിതത്തിന്‍റെ മുക്കാൽ ഭാഗവും ഇവർ ഭൂമിക്കടിയിൽ തന്നെയാണ് വസിക്കുക. ചിതലുകളും മറ്റുമാണ് മുഖ്യ ആഹാരം. ഇവയുടെ വാലുമാക്രി ഘട്ടം കഴിഞ്ഞാൽ പിന്നെ ഇവ ഭൂമിക്കടിയിലേക്ക് പോവും. പിന്നീട് വർഷത്തിലൊരിക്കൽ മാത്രം പ്രജനനത്തിനായാണ് ഇവ പുറത്തുവരുന്നത്. വർഷത്തിൽ ഒരിക്കൽ മാത്രമാണ് പുറത്തേക്കു വരുന്നതുകൊണ്ട് ഇതിന് മാവേലിത്തവള എന്നൊരു പേരുകൂടിയുണ്ട്. ഈ പേരിൽ തന്നെ ഇതിനെ ഔദ്യോഗിക തവളയാക്കാനായിരുന്നു ശ്രമം

Share this story