മാനന്തവാടിയിൽ നിന്നും പിടികൂടിയ തണ്ണീർ കൊമ്പൻ ചരിഞ്ഞു; സംഭവം ബന്ദിപൂരിലെത്തിച്ച ശേഷം

മാനന്തവാടിയിൽ നിന്നും മയക്കുവെടി വെച്ച് പിടികൂടി കർണാടകയിലെ ബന്ദിപൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച തണ്ണീർ കൊമ്പൻ ചരിഞ്ഞു. ഇന്ന് പുലർച്ചെയാണ് സംഭവം. ആന ചരിയാനുള്ള കാരണം വ്യക്തമല്ല. തണ്ണീർ കൊമ്പൻ ചരിഞ്ഞതായി കർണാടക കേരളത്തെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ആനക്ക് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്

വെറ്ററിനറി സർജൻമാരുടെ സംഘം ഉടൻ ബന്ദിപൂരിലെത്തും. ആനയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് തന്നെ നടത്തും. 20 ദിവസത്തിനിടെ ആന രണ്ട് തവണ മയക്കുവെടി ദൗത്യത്തിന് വിധേയമായിരുന്നു. ആനയ്ക്ക് മറ്റെന്തെങ്കിലും പരുക്കുകളുണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ആന പൂർണ ആരോഗ്യവാനാണെന്നായിരുന്നു നേരത്തെ വനംവകുപ്പ് അറിയിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായാണ് ചരിഞ്ഞെന്ന വിവരം പുറത്തുവന്നത്

ഇന്നലെ പുലർച്ചെ മുതൽ മാനന്തവാടി നഗരത്തിലിറങ്ങിയ തണ്ണീർ കൊമ്പനെ രാത്രിയോടെയാണ് മയക്കുവെടി വെച്ച് പിടികൂടിയത്. തുടർന്ന് എലിഫന്റ് ആംബുലൻസിൽ കർണാടകയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
 

Share this story