രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സെല്ലില്‍ സഹതടവുകാര്‍ ഇല്ല; ഒറ്റയ്ക്ക് തറയില്‍ കിടക്കണം: രാത്രി സ്പെഷ്യൽ ഭക്ഷണമില്ല
മൂന്നാം ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ മാങ്കൂട്ടത്തിലിന് ജയിലില്‍ പ്രത്യേക പരിഗണനകളില്ല. സെല്‍ നമ്പര്‍ മൂന്നില്‍ രാഹുല്‍ ഒറ്റയ്ക്കായിരിക്കും കഴിയുക. സഹതടവുകാർ ഉണ്ടായിരിക്കില്ല. എംഎല്‍എ ആയതിനാലാണ് രാഹുലിന് ഒറ്റയ്ക്ക് ഒരു സെല്‍ അനുവദിച്ചത്. നിലവില്‍ നിലത്ത് പായ വിരിച്ച് കിടക്കാനുള്ള സൗകര്യങ്ങളാണ് സെല്ലില്‍ ഒരുക്കിയിരിക്കുന്നത്. ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടാല്‍ കട്ടില്‍ അടക്കമുള്ള മറ്റ് സൗകര്യങ്ങള്‍ നല്‍കാനാണ് തീരുമാനം. സാധാരണയായി ജയിലില്‍ ഞായറാഴ്ച്ചകളില്‍ രാത്രി സ്പെഷ്യൽ ഭക്ഷണമില്ല. ചോറിനോ ചപ്പാത്തിക്കോ ഒപ്പം തോരനും രസവുമായിരിക്കും നല്‍കുക. നാളെ രാവിലെ ഉപ്പുമാവും കടല കറിയുമായിരിക്കും പ്രഭാതഭക്ഷണം.
വൈദ്യപരിശോധനയ്ക്ക് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ മാവേലിക്കര സബ് ജയിലിലേക്ക് മാറ്റിയത്. സാധാരണയായി ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് പ്രതിയെ ജയിലിലേക്ക് മാറ്റുക. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുമ്പോൾ രാഹുലിനെതിരെ പ്രതിഷേധം ഉണ്ടായേക്കാമെന്നത് മുന്നില്‍ക്കണ്ട് ഡോക്ടര്‍മാരെ ജയിലിലേക്ക് വിളിച്ചുവരുത്തിയാണ് പരിശോധന നടത്തിയത്. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണസംഘം നാളെ അപേക്ഷ നല്‍കും. രാഹുലിനെ വിശദമായി ചോദ്യം ചെയ്യണമെന്നും തെളിവെടുപ്പ് നടത്തണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. കേസില്‍ രാഹുലിന്റെ ജാമ്യാപേക്ഷയും നാളെയാണ് പരിഗണിക്കുക. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാകും പരിഗണിക്കുക. രാഹുലിന്റെ അഭിഭാഷകന്‍ ഇന്ന് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.
