എന്തിനും ഒരു അതിരുണ്ട്, സഭയിൽ അസംബന്ധം വിളിച്ചുപറയരുത്; മാത്യു കുഴൽനാടനെതിരെ മുഖ്യമന്ത്രി
Thu, 2 Feb 2023

കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടി രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ച മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. എന്ത് അസംബന്ധവും വിളിച്ചുപറയാനുള്ള വേദിയായി നിയമസഭയെ മാറ്റാൻ പാടില്ലെന്നും എന്തിനും ഒരു അതിരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
ഒരു അംഗത്തിന് സിപിഎം പോലുള്ള ഒരു പാർട്ടിയെ പറ്റി എന്ത് അസംബന്ധവും വിളിച്ചുപറയാനുള്ള വേദിയാക്കി നിയമസഭയെ മാറ്റാൻ പറ്റില്ല. എന്താണ് അദ്ദേഹം അവതരിപ്പിച്ച കാര്യങ്ങൾ. എന്താണ് അദ്ദേഹം ഉദ്ദേശിച്ചത്. എന്തും വിളിച്ചു പറയുന്ന ഒരാളാണ് എന്നതു കൊണ്ട് കോൺഗ്രസ് പാർട്ടി അദ്ദേഹത്തെ ചുമതലപ്പെടുത്തിയതാണോ. ഈ രീതിയിലാണോ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നത്. എന്തിനും അതിര് വേണം. ആ അതിര് ലംഘിച്ച് പോകാൻ പാടില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി