കെ ഫോണിൽ അഴിമതിയുണ്ട്; താൻ നൽകിയ ഹർജി പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്ന് സതീശൻ

കെ ഫോണുമായി ബന്ധപ്പെട്ട് താൻ ഹൈക്കോടതിയിൽ നൽകിയ ഹർജി പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തെരുവിൽ കിട്ടാത്ത നീതിക്ക് വേണ്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. 2019ൽ കൊണ്ടുവന്ന കെ ഫോൺ പദ്ധതിയിൽ അഴിമതിയുണ്ട്. എന്നാൽ മുഖ്യമന്ത്രി പറഞ്ഞതുപോലെ താൻ കോടതിയെ കുറിച്ച് പറയില്ല. സാമ്പത്തിക പ്രതിസന്ധിയുള്ള സംസ്ഥാനത്ത് 1500 കോടി മുടക്കി ഒരു പദ്ധതി കൊണ്ടുവന്നിട്ട് അഞ്ച് ശതമാനം ആളുകൾക്ക് പോലും ഗുണം കിട്ടിയില്ലെന്നും സതീശൻ പറഞ്ഞു

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ അഴിമതിയും ഗൂഢാലോചനയുമാണ് കെ ഫോണും റോഡ് ക്യാമറ പദ്ധതിയും താൻ കൊടുത്ത കേസ് തള്ളിയിട്ടില്ല. കേന്ദ്രത്തിന്റെ നടപടികൾ മുഖ്യമന്ത്രി ഇന്നത്തെ യോഗത്തിൽ ചൂണ്ടിക്കാട്ടി. അതിൽ ചിലതിനോട് ഞങ്ങൾക്കും യോജിപ്പുണ്ട്. എന്നാൽ എല്ലാത്തിനും കാരണം കേന്ദ്രസർക്കാർ ആണെന്ന സർക്കാരിന്റെ വാദത്തോട് യോജിപ്പില്ല. കേന്ദ്രസർക്കാരിനെതിരെ സംസ്ഥാന സർക്കാരുമായി ഒരുമിച്ച് സമരം ചെയ്യണമോയെന്ന് മുന്നണിയിൽ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.
 

Share this story