ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമില്ല; ചോദ്യം ചെയ്തവരെ ഭീഷണിപ്പെടുത്തി ജനപ്രതിനിധിയും സംഘവും
ചങ്ങനാശേരി: ഗവ. ടൗൺ എൽ.പി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ മതിയായ ഭക്ഷണമോ അടിസ്ഥാന സൗകര്യങ്ങളോ ലഭിക്കുന്നില്ലെന്ന പരാതിയുമായി അന്തേവാസികൾ. ക്യാമ്പിലെ കടുത്ത ഭക്ഷണക്ഷാമത്തെച്ചൊല്ലി പ്രതിഷധിച്ച ക്യാമ്പ് അന്തേവാസികളെ പ്രദേശിക ജനപ്രതിനിധി വിനു ജോബിനും അനുയായികളും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായി ആരോപണം.
പ്രളയവും ശക്തമായ മഴയും മൂലം വീടുകളിൽ വെള്ളം കയറി എല്ലാം നഷ്ടപ്പെട്ട നൂറിലധികം കുടുംബങ്ങളാണ് ഗവ. ടൗൺ എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ക്യാമ്പിൽ കൃത്യമായി ഭക്ഷണമോ കുടിവെള്ളമോ എത്തുന്നില്ലെന്നും, കുട്ടികളും വയോധികരുമടക്കം പട്ടിണിയിലാണെന്നും ക്യാമ്പിലുള്ളവർ പറയുന്നു.
ഭക്ഷണ വിതരണത്തിലെ അപാകതകളെക്കുറിച്ചും ക്യാമ്പിലെ മോശം സാഹചര്യങ്ങളെക്കുറിച്ചും പരാതിപ്പെടാൻ ശ്രമിച്ചപ്പോഴാണ് വിനു ജോബിനും സഹപ്രവർത്തകരും സ്ഥലത്തെത്തി ഭീഷണിപ്പെടുത്തിയതെന്നാണ് ദുരിതബാധിതർ ആരോപിക്കുന്നത്. 'പ്രശ്നങ്ങൾ പുറത്തുപറഞ്ഞാൽ ക്യാമ്പിൽ നിന്ന് പുറത്താക്കുമെന്നും ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുമെന്നും' സംഘം ഭീഷണിപ്പെടുത്തിയതായി അന്തേവാസികൾ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സംഭവത്തിൽ റവന്യൂ അധികൃതരുടെയും താലൂക്ക് ഭരണകൂടത്തിന്റെയും അടിയന്തര ഇടപെടൽ വേണമെന്നും ക്യാമ്പിൽ ആവശ്യത്തിന് ഭക്ഷണവും വൈദ്യസഹായവും ഉറപ്പാക്കണമെന്നും നാട്ടുകാരും പ്രദേശവാസികളും ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്യാമ്പ് അന്തേവാസികൾ പൊലീസിനും ജില്ലാ കളക്ടർക്കും പരാതി നൽകാൻ ഒരുങ്ങുകയാണ്.
