സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ല; നിലവിൽ അതിന്‍റെ ആവശ്യമില്ല: വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് ആവർത്തിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. ലോഡ് കൂടുമ്പോള്‍ ട്രിപ്പ് ആകുന്നതിനാലാണ് ഇടയ്ക്ക് കറന്‍റ് പോവുന്നതെന്നും മന്ത്രി വ്യക്തമാക്കുന്നു.
വൈദ്യുതി പ്രതിസന്ധിക്ക് കാരണം കാലാവസ്ഥയില്‍ വന്ന മാറ്റമാണ്. മാത്രമല്ല, രാജ്യത്ത് ഏറ്റവുമധികം ഇലക്ട്രിക് വാഹനങ്ങൾ ഉള്ളത് കേരളത്തിലാണെന്നും അതിന്‍റെ ഉപയോഗം കൂടുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി വാങ്ങുന്നതിലെ കാലതാമസത്തിന് കാരണം റെഗുലേറ്ററി കമ്മിഷനാണ് ഉത്തരവാദിയെന്നും മന്ത്രി പറഞ്ഞു. റെഗുലേറ്ററി കമ്മിറ്റി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തിന് 250 മെഗാവാട്ട് വൈദ്യുതി ലഭിച്ചിട്ടുണ്ടെന്നും ചിലപ്പോൾ അധികവൈദ്യുതി ലഭിക്കാമെന്നും നിലവിൽ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും മന്ത്രി ആവർത്തിക്കുന്നു
