​മന്ത്രിയില്ല; പേഴ്‌സണല്‍ സ്റ്റാഫിലും അവഗണന: കോഴിക്കോട് മുസ്‌ലിം ലീഗില്‍ കടുത്ത അതൃപ്തി പുകയുന്നു

Muslim Leghe

കോഴിക്കോട്: ആറ് സീറ്റില്‍ വിജയിച്ചിട്ടും ഒരു മന്ത്രിയെ പോലും നല്‍കാതെ അവഗണിച്ചതിന് പുറമേ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിലും തഴഞ്ഞെന്ന് ആരോപിച്ച് കോഴിക്കോട് മുസ്‌ലിം ലീഗില്‍ അമര്‍ഷം പുകയുന്നു. കഴിഞ്ഞ ദിവസം നടന്ന ജില്ലാ നേതൃയോഗങ്ങളില്‍ അംഗങ്ങള്‍ പ്രതിഷേധം അറിയിച്ചു.

സംസ്ഥാന കമ്മിറ്റിക്ക് തെരഞ്ഞെടുക്കാനായി പതിമൂന്ന് പേരുടെ പ്രാഥമിക പട്ടികയായിരുന്നു മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്. പതിമൂന്നില്‍ അഞ്ച് പേരെങ്കിലും കോഴിക്കോട് ജില്ലയില്‍ നിന്നുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ജില്ലയില്‍ നിന്നും ആരെയും പരിഗണിച്ചില്ലെന്നാണ് ആരോപണം. നിയമനം ലഭിച്ചവരിൽ അധികവും തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവരാണെന്നും ആക്ഷേപമുണ്ട്.

ലീഗ് സംസ്ഥാന നേതൃത്വം നല്‍കുന്ന പട്ടികയില്‍ നിന്ന് പേഴ്‌സണല്‍ സ്റ്റാഫിനെ നിയമിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ സെക്രട്ടേറിയറ്റ് ജീവനക്കാരായ കോട്ടയം, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരെ മന്ത്രിമാര്‍ സ്വന്തം നിലയ്ക്ക് നിയമിച്ചു എന്നായിരുന്നു വിമര്‍ശനം. എന്നാല്‍ അനുഭവ പരിചയമുള്ളവര്‍ എന്ന നിലയിലാണ് സെക്രട്ടേറിയറ്റ് ജീവനക്കാരെ നിയമിച്ചതെന്നായിരുന്നു വിശദീകരണം.

കോഴിക്കോട് ആറ് സീറ്റില്‍ മുസ്‌ലിം ലീഗ് ആദ്യമായായിരുന്നു ജയിച്ചത്. മലപ്പുറം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത് കോഴിക്കോടായിരുന്നു. എന്നാല്‍ മന്ത്രിമാരെ പരിഗണിച്ചപ്പോള്‍ കോഴിക്കോട് അവഗണിക്കപ്പെട്ടു. ഇതില്‍ കോഴിക്കോട് ജില്ലാ നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ടായിരുന്നു. ഇതിനിടെയാണ് പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിലും അവഗണ ഉണ്ടായിരിക്കുന്നത്.

Tags

Share this story