പിണറായി ഭരണത്തിൽ ഒരു പോലീസ് സ്റ്റേഷനിലും സാധാരണക്കാരന് രക്ഷയില്ല: ചെന്നിത്തല

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസുകാർ മർദിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല. പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കുണ്ട്. പക്ഷെ അദ്ദേഹം അച്ചടക്ക നടപടി സ്വീകരിക്കാതെ മൗനം പാലിക്കുകയാണ് ചെന്നിത്തല പറഞ്ഞു.
പിണറായിയുടെ പോലീസ് നയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് സുജിത്ത്. ഒരു പോലീസ് സ്റ്റേഷനിലും സാധാരണക്കാരന് രക്ഷയില്ല. പോലീസുകാരെ സർവീസിൽ നിന്നും പുറത്താക്കണം. പ്രശ്‌നം പോലീസ് നയത്തിന്റേതാണെന്നും ചെന്നിത്തല പറഞ്ഞു.
ഇനി കേരളത്തിലെ പോലീസ് സ്റ്റേഷനിൽ പാവപ്പെട്ടവനെ മർദിക്കരുത്. ഇത് അവസാനത്തെ സംഭവമാകണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
അതേസമയം കുന്നംകുളം കസ്റ്റഡി മർദനത്തിൽ 4 പോലീസുകാരെ സസ്‌പെൻറ് ചെയ്യാൻ തൃശൂർ റേഞ്ച് ഡിഐജി ശിപാർശ ചെയ്തു. ഉത്തരമേഖല ഐജിക്ക് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കൈമാറി. കോടതിയുടെ പരിഗണനയിലുള്ള കേസാണെങ്കിലും മർദിച്ച പോലീസുകാരെ പിരിച്ചുവിടാമെന്ന് ഡിജിപിക്ക് നിയമോപദേശവും ലഭിച്ചു.